ടീമിന്റെ മോശം പ്രകടനമല്ല പ്രശ്‌നമായത്, ഡ്രസ്സിങ്ങ് റൂമിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സംശയം, അഭിഷേക് നായരടക്കം 3 സപ്പോര്‍ട്ട് സ്റ്റാഫ് പുറത്തേക്കെന്ന് റിപ്പോര്‍ട്ട്

അഭിറാം മനോഹർ

വ്യാഴം, 17 ഏപ്രില്‍ 2025 (13:13 IST)
ഇക്കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തില്‍ ടീമിന്റെ പരിശീലകസംഘത്തിലെ 3 പേരെ പുറത്താക്കാന്‍ ബിസിസിഐ തീരുമാനം. പരമ്പരയിലെ മോശം പ്രകടനത്തിനൊപ്പം പരമ്പരയ്ക്കിടെ ഇന്ത്യന്‍ ഡ്രസിങ് റൂമിലെ വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതാണ് ബിസിസിഐയെ കടുത്ത നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ദൈനിക് ജാഗരനാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന്റെ സപ്പോര്‍ട്ട് സ്റ്റാഫിലുള്ള അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍, ഫീല്‍ഡിങ്ങ് കോച്ച് ടി ദിലീപ്, ട്രെയിനര്‍ സോഹം ദേശായി എന്നിവരെയാകും ബിസിസിഐ പുറത്താക്കുകയെന്ന് ദൈനിക് ജാഗരണിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യമത്സരങ്ങളില്‍ ഇന്ത്യ മോശം പ്രകടനം തുടര്‍ന്നതോടെ ടീമിലെ ഒരു സീനിയര്‍ താരം ടെസ്റ്റ് ടീം ക്യാപ്റ്റന്‍സിയില്‍ താത്പര്യം കാണിച്ചതായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പരിശീലകന്‍ ഗൗതം ഗംഭീര്‍ സര്‍ഫറാസ് ഖാനെ കുറ്റപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡ്രസ്സിങ്ങ് റൂമില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ന്നതിലാണ് അഭിഷേക് നായരുള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടിക്ക് ബിസിസിഐ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല.
 
 ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയില്‍ ആദ്യ മത്സരം മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്. 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3 എണ്ണത്തില്‍ വിജയിച്ച് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയപ്പോള്‍ ഒരു മത്സരം സമനിലയിലായി. പരമ്പര കൈവിട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താനുള്ള അവസരവും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍