Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

രേണുക വേണു

വെള്ളി, 4 ഏപ്രില്‍ 2025 (12:10 IST)
Ajinkya Rahane and Yashasvi Jaiswal

Yashasvi Jaiswal vs Ajinkya Rahane: ആഭ്യന്തര ക്രിക്കറ്റില്‍ ടീം മാറുന്ന യശസ്വി ജയ്‌സ്വാള്‍ മുംബൈ ടീമില്‍ അതൃപ്തനായിരുന്നെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. മുംബൈയുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിച്ച് ഗോവ ക്രിക്കറ്റ് അസോസിയേഷനിലേക്ക് മാറാനാണ് 23 കാരന്‍ തീരുമാനിച്ചിരിക്കുന്നത്. ടീം മാറുന്നതിനു വേണ്ടി മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് ജയ്‌സ്വാള്‍ എന്‍ഒസി വാങ്ങി. കൂടുതല്‍ അവസരങ്ങള്‍ക്കു വേണ്ടിയും നായകസ്ഥാനത്തിനു വേണ്ടിയുമാണ് ജയ്‌സ്വാള്‍ മുംബൈ വിട്ടതെന്നാണ് സൂചന. 
 
അതേസമയം മുംബൈ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് നായകന്‍ അജിങ്ക്യ രഹാനെയുമായി ജയ്‌സ്വാള്‍ അത്ര നല്ല ബന്ധത്തിലല്ലെന്നും ഈ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് യുവതാരത്തിന്റെ ടീം മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും തമ്മില്‍ സ്വര്‍ചേര്‍ച്ചയില്‍ അല്ലെന്ന് വ്യക്തമാക്കുന്ന ഒരു റിപ്പോര്‍ട്ട് ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ പുറത്തുവിട്ടു. 
 
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം നടക്കുന്നതിനിടെ രഹാനെയും ജയ്സ്വാളും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായത് വാര്‍ത്തയായിരുന്നു. രഹാനെ നയിച്ചിരുന്ന വെസ്റ്റ് സോണ്‍ ടീമിന്റെ ഭാഗമായിരുന്നു ജയ്സ്വാള്‍. മത്സരത്തിനിടെ രഹാനെ ജയ്സ്വാളിനെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കി. സൗത്ത് സോണ്‍ താരം രവി തേജയോടു ജയ്സ്വാള്‍ തട്ടിക്കയറിയപ്പോള്‍ നായകനായ രഹാനെ ഇടപെടുകയായിരുന്നു. സഹതാരത്തോടു മോശമായി പെരുമാറിയതിനാണ് രഹാനെ ജയ്സ്വാളിനെ ഗ്രൗണ്ടില്‍ നിന്ന് പറഞ്ഞു വിട്ടത്. ഈ സംഭവത്തിനു ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. 
 
കഴിഞ്ഞ സീസണില്‍ ജമ്മു കാശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെ ഇരുവരും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമായെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട്. ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ ജയ്‌സ്വാളിന്റെ പ്രകടനം മോശമായിരുന്നു. താരത്തിന്റെ ഷോട്ട് സെലക്ഷനെ കുറിച്ച് മുംബൈ പരിശീലകന്‍ ഓംകാര്‍ സാല്‍വിയും നായകന്‍ അജിങ്ക്യ രഹാനെയും ചോദ്യമുയര്‍ത്തി. ഷോട്ട് സെലക്ഷന്റെ പേരില്‍ രഹാനെ വിമര്‍ശിച്ചതോടെ ജയ്‌സ്വാള്‍ പ്രകോപിതനായി. അവിടെ ഇരുന്നിരുന്ന രഹാനെയുടെ കിറ്റ്ബാഗില്‍ ജയ്‌സ്വാള്‍ കാലുകൊണ്ട് തൊഴിച്ചു. ഈ സംഭവത്തിനു ശേഷം മുംബൈ മാനേജ്‌മെന്റിന്റെ കണ്ണിലെ കരടായിരുന്നു ജയ്‌സ്വാള്‍. ഇതെല്ലാം ജയ്‌സ്വാളിന്റെ ടീം മാറ്റത്തെ സ്വാധീനിച്ചെന്നാണ് ഇന്ത്യ ടുഡെ പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍