ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 19 ഒക്‌ടോബര്‍ 2025 (09:18 IST)
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടുമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇയാളുടെ വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു. ഇടപാടുകളുടെ ആധാരങ്ങള്‍ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെ എസ്‌ഐടി സംഘം പിടിച്ചെടുത്തിട്ടുണ്ട്. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു.
 
വീട്ടില്‍ എട്ടുമണിക്കൂറോളം നീണ്ട പരിശോധനയാണ് എസ് ഐടി നടത്തിയത്. പരിശോധനയില്‍ നിരവധി രേഖകളുടെ ഹാര്‍ഡ് ഡിസ്‌കും സ്വര്‍ണവും പണവും കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക സ്രോതസ്സില്‍ അടിമുടി ദുരൂഹത തുടരുകയാണ്. അതേസമയം കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള മുരാരി ബാബുവിനെ കസ്റ്റഡിയിലെടുക്കും. പോറ്റിയോടൊപ്പം ഇരുത്തി ഇയാളെ ചോദ്യം ചെയ്യും.
 
അതേസമയം സ്വര്‍ണ്ണ കൊള്ളയ്ക്ക് പിന്നില്‍ വലിയ ആളുകളെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിപറഞ്ഞതായി വിവരം. സ്വര്‍ണ്ണ കൊള്ളയില്‍ തനിക്ക് വലിയ നേട്ടം ഉണ്ടായിട്ടില്ലെന്നും ലാഭമുണ്ടാക്കിയവര്‍ മറ്റുള്ളവരാണെന്നും പോറ്റി പറഞ്ഞു. ബാംഗ്ലൂരില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശപ്രകാരമാണ് ആദ്യം വിജിലന്‍സിന് മൊഴി നല്‍കിയതെന്നും അവര്‍ക്ക് പിന്നില്‍ വലിയ ആളുകള്‍ ഉണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നു.
 
രണ്ടു ദിവസത്തെ ചോദ്യംചെയ്തിന് ശേഷമാകും ചെന്നൈ ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ തെളിവെടുപ്പ് നടത്തുന്നത്. സ്വര്‍ണക്കൊള്ളയിലെ മുഖ്യസൂത്രധാരന്‍ മുരാരി ബാബു അടക്കമുള്ളവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. നിലവില്‍ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസിലാണ് പോറ്റിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ശ്രീകോവിലെ കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം കൊള്ള ചെയ്ത കേസിലും വൈകാതെ അറസ്റ്റ് അപേക്ഷ കോടതിയില്‍  സമര്‍പ്പിച്ചേക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍