കർമ്മ കാത്തിരിക്കും, ആർക്കും അതിൽ നിന്ന് രക്ഷപ്പെടാനാകില്ല, ഹർഷിത് റാണയെ ടെസ്റ്റ് ടീമിൽ എടുത്തതിന് പിന്നാലെ പോസ്റ്റുമായി മുകേഷ് കുമാർ

അഭിറാം മനോഹർ

വ്യാഴം, 19 ജൂണ്‍ 2025 (15:20 IST)
Mukesh Kumar
ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന അഞ്ചു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അവസാന ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ജൂലൈ 2025ലെ ആദ്യ ആഴ്ചയില്‍ ലീഡ്‌സില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യയുടെ പുതിയ ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ആദ്യ പരമ്പരയാണ്. ശ്രീലങ്ക-ബംഗ്ലാദേശ് പരമ്പരയോടെയാണ് പുതിയ WTC സൈക്കിള്‍ തുടക്കമായത്. ഇംഗ്ലണ്ട് പരമ്പരയ്ക്കായി 18 അംഗ ഇന്ത്യന്‍ ടീമിനെ ആദ്യമെ പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷത്തില്‍ റൈറ്റ് ആം ഫാസ്റ്റ് ബോളര്‍ ഹര്‍ഷിത് റാണയെ കൂടി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇംഗ്ലണ്ട് ലൈയണ്‍സിനെതിരെ ഇന്ത്യ എ ടീമിനായി കളിച്ച റാണ ആദ്യ അണ്‍ഓഫിഷ്യല്‍ ടെസ്റ്റില്‍ 27 ഓവറില്‍ 99 റണ്‍സ് വിട്ട് ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. എങ്കിലും അവസാന നിമിഷം ഹര്‍ഷിത് റാണയ്ക്ക് ദേശീയ ടീമിലേക്ക് വിളിയെത്തി.
 
ഐപിഎല്ലിലെ ഗൗതം ഗംഭീറുമായുള്ള ബന്ധമാണ് ഹര്‍ഷിത് റാണയ്ക്ക് ടെസ്റ്റ് ടീമില്‍ അവസരം ലഭിക്കാന്‍ കാരണമെന്ന് പരക്കെ സംസാരമുള്ള സാഹചര്യത്തില്‍ ഇന്ത്യന്‍ പേസറായ മുകേഷ് കുമാര്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.കര്‍മ്മ കാത്തിരിക്കും. അതില്‍ നിന്ന് രക്ഷപെടാന്‍ കഴിയില്ല. പ്രതീക്ഷിച്ചില്ലെങ്കിലും തിരിച്ചടി ഉറപ്പാണ്.'' എന്നാണ് അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. ഇംഗ്ലണ്ട് ലൈയണ്‍സിനെതിരെ അണ്‍ഓഫിഷ്യല്‍ ടെസ്റ്റില്‍ ഇന്ത്യ എയ്ക്കായി മുകേഷ് കുമാര്‍  25 ഓവറില്‍ 92 റണ്‍സ് മാത്രം നല്‍കി 3 വിക്കറ്റ്  നേടിയിരുന്നു. എന്നാല്‍ മത്സരത്തില്‍ മോശം പ്രകടനം നടത്തിയ ഹര്‍ഷിത് റാണയ്ക്കാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അവസരം ലഭിച്ചത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് റാണ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം നടത്തിയത്. എന്നാല്‍ ആ പരമ്പരയിലെ 2 മത്സരങ്ങളില്‍ നിന്നും 4 വിക്കറ്റുകള്‍ നേടാനെ ഹര്‍ഷിത് റാണയ്ക്ക് സാധിച്ചിരുന്നുള്ളു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍