Shubman Gill: തകരുക ഗവാസ്‌കര്‍ മുതല്‍ കോലി വരെയുള്ളവരുടെ റെക്കോര്‍ഡ്; ലോര്‍ഡ്‌സില്‍ പിറക്കുമോ ചരിത്രം?

രേണുക വേണു

ബുധന്‍, 9 ജൂലൈ 2025 (20:23 IST)
Shubman Gill: ലോര്‍ഡ്‌സ് ടെസ്റ്റിനായി ഇന്ത്യ നാളെ (ജൂലൈ 10) ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും നായകന്‍ ശുഭ്മാന്‍ ഗില്ലിലേക്ക്. അരനൂറ്റാണ്ട് പഴക്കമുള്ള സുനില്‍ ഗവാസ്‌കറിന്റെ റെക്കോര്‍ഡ് മുതല്‍ കഴിഞ്ഞ വര്‍ഷം യശസ്വി ജയ്‌സ്വാള്‍ കുറിച്ച റെക്കോര്‍ഡ് വരെയാണ് ഗില്‍ പഴങ്കഥയാക്കാന്‍ പോകുന്നത്. 
 
ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സുനില്‍ ഗവാസ്‌കറിന്റെ പേരിലാണ്. 1971 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 774 റണ്‍സ്. നിലവില്‍ ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ ഗില്‍ 585 റണ്‍സ് നേടികഴിഞ്ഞു. ഗില്ലിന് ഗവാസ്‌കറിന്റെ 774 റണ്‍സ് എന്ന റെക്കോര്‍ഡിലേക്ക് എത്താന്‍ വേണ്ടത് 189 റണ്‍സ് കൂടി. 
 
ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ നായകനാകാന്‍ ഗില്ലിനു വേണ്ടത് എട്ട് റണ്‍സ് കൂടി. 2018 ല്‍ വിരാട് കോലി നായകനായിരിക്കെ ഇംഗ്ലണ്ടില്‍വെച്ച് 593 റണ്‍സ് നേടിയിട്ടുണ്ട്. ഈ റെക്കോര്‍ഡാണ് ഗില്‍ ആദ്യം മറികടക്കുക. 
 
ഇംഗ്ലണ്ടില്‍വെച്ച് ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ 17 റണ്‍സ് കൂടി മതി ഗില്ലിന്. 2002 ല്‍ ദ്രാവിഡ് നേടിയ 602 റണ്‍സാണ് നിലവിലെ റെക്കോര്‍ഡ്. 
 
സഹതാരം യശസ്വി ജയ്‌സ്വാള്‍ 2024 ല്‍ കുറിച്ച മറ്റൊരു റെക്കോര്‍ഡിലേക്ക് ഗില്ലിനുള്ള ദൂരം 127 റണ്‍സ് കൂടി. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് കഴിഞ്ഞ വര്‍ഷം ജയ്‌സ്വാള്‍ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ച് ടെസ്റ്റുകളില്‍ നിന്ന് ജയ്‌സ്വാള്‍ അടിച്ചുകൂട്ടിയത് 712 റണ്‍സാണ്. നിലവിലെ ഫോം വെച്ച് ഈ റെക്കോര്‍ഡും ഗില്‍ അനായാസം മറികടക്കാനാണ് സാധ്യത. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍