ബ്രാഡ്മാന്റെ 95 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ഗില്‍ തകര്‍ക്കും: ഗവാസ്‌കര്‍

അഭിറാം മനോഹർ

തിങ്കള്‍, 7 ജൂലൈ 2025 (19:31 IST)
ടെസ്റ്റ് കരിയറിലെ തന്റെ എക്കാലത്തെയും മികച്ച ഫോമിലാണ് ഇന്ത്യന്‍ നായകനായ ശുഭ്മാന്‍ ഗില്‍. ഇന്ത്യയ്ക്ക് പുറത്ത് കാര്യമായ റെക്കോര്‍ഡുകളില്ല എന്ന വിമര്‍ശനങ്ങള്‍ക്ക് ഇംഗ്ലണ്ടില്‍ വെച്ച് തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടിയാണ് ഇന്ത്യയുടെ യുവതാരം മറുപടി നല്‍കിയത്. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഗില്‍ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ ഡബിള്‍ സെഞ്ചുറിയും രണ്ടാം ഇന്നിങ്ങ്‌സില്‍ സെഞ്ചുറിയുമാണ് സ്വന്തമാക്കിയത്. ഇതോടെ 5 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1000 റണ്‍സ് നേടുന്ന ആദ്യ താരമാവുക എന്ന ചരിത്രനേട്ടമാണ് ഗില്ലിന് മുന്നിലുള്ളത്.
 
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ 4 ഇന്നിങ്ങ്‌സുകളില്‍ നിന്നും ഇതിനകം തന്നെ ഗില്‍ 585 റണ്‍സ് കണ്ടെത്തികഴിഞ്ഞു. 147,8,269,161 എന്നിങ്ങനെയാണ് ഈ നാല് ഇന്നിങ്ങ്‌സുകളിലെ ഗില്ലിന്റെ സ്‌കോറുകള്‍. 3 മത്സരങ്ങള്‍ കൂടി ശേഷിക്കെ 1930ലെ ആഷസില്‍ ബ്രാഡ്മാന്‍ സ്ഥാപിച്ച 974 റണ്‍സിന്റെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള അവസരമാണ് ഗില്ലിന് മുന്നിലുള്ളത്. നിലവിലെ ഫോമില്‍ താരത്തിന് ഇത് എളുപ്പം സാധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസതാരമായ സുനില്‍ ഗവാസ്‌കര്‍. 
 
ഏകദേശം ഒരു നൂറ്റാണ്ട് കാലമായി റെക്കോര്‍ഡ് ഭേദിക്കാതെ കിടക്കുകയാണ്. ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ എന്തുകൊണ്ടും യോഗ്യനായ ആളാണ് ഗില്‍. ലോര്‍ഡ്‌സിലായിരിക്കും ആ റെക്കോര്‍ഡ് തകരുക എന്ന് ഞാന്‍ കരുതുന്നു. ബാറ്റിംഗ് റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളത്. മറ്റൊരു എസ് ജി ആ റെക്കോര്‍ഡ് സ്വന്തമാക്കിയാല്‍ ഞാന്‍ സന്തുഷ്ടനാകും. ഗവാസ്‌കര്‍ പറഞ്ഞു.
 
 1930ല്‍ പരമ്പരയിലെ 7 ഇന്നിങ്ങ്‌സുകളില്‍ നിന്നായിരുന്നു ബ്രാഡ്മാന്‍ 974 റണ്‍സ് സ്വന്തമാക്കിയത്. ഇതില്‍ ചരിത്രപരമായ 334 റണ്‍സ് പ്രകടനവും ഉള്‍പ്പെടുന്നു. നിലവിലെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 6 ഇന്നിങ്ങ്‌സുകള്‍ കൂടി ഗില്ലിന് ശേഷിക്കുന്നുണ്ട്.നിലവിലെ ഫോമില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ നിന്ന് മാത്രം 1000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കാന്‍ ഗില്ലിന് മുന്നില്‍ അവസരമുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍