പന്തെടുത്തപ്പോഴെല്ലാം അവളായിരുന്നു മനസിൽ, 10 വിക്കറ്റ് നേട്ടം കാൻസർ ബാധിതയായ സഹോദരിക്ക് സമർപ്പിച്ച് ആകാശ് ദീപ്

അഭിറാം മനോഹർ

തിങ്കള്‍, 7 ജൂലൈ 2025 (14:49 IST)
Akash Deep
ഇംഗ്ലണ്ടിനെതിരായ ബെര്‍മിങ്ഹാം ടെസ്റ്റിലെ 10 വിക്കറ്റ് നേട്ടം കാന്‍സര്‍ ബാധിതയായ സഹോദരിക്കായി സമര്‍പ്പിച്ച് ഇന്ത്യന്‍ പേസര്‍ ആകാശ് ദീപ്. മത്സരശേഷം ജിയോ ഹോട്ട്സ്റ്റാറില്‍ ചേതേശ്വര്‍ പുജാരയുമായി നടത്തിയ സംഭാഷണത്തിനിടെയാന് തന്റെ കുടുംബം കടന്നുപോകുന്ന പ്രയാസകരമായ അവസ്ഥയെ പറ്റിയും താരം തുറന്ന് പറഞ്ഞത്. ഓരോ തവണ പന്തെടുക്കുമ്പോഴും സഹോദരിയായിരുന്നു മനസിലെന്നും ഈ പ്രകടനം സഹോദരിക്കായി സമര്‍പ്പിക്കുന്നുവെന്നും ആകാശ് ദീപ് പറഞ്ഞു.
 
ഞാന്‍ ഇതിനെ പറ്റി ആരോടും സംസാരിച്ചിട്ടില്ല. രണ്ട് മാസം മുന്‍പാണ് എന്റെ സഹോദരിക്ക് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. എനിക്കുറപ്പുണ്ട് ഈ പ്രകടനത്തില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് അവളായിരിക്കും. ഇത്തരം നിമിഷങ്ങള്‍ ജീവിതത്തില്‍ ചില പുഞ്ചിരികള്‍ കൊണ്ടുവരും.ഓരോ തവണ പന്തെടുക്കുമ്പോഴും സഹോദരിയായിരുന്നു മനസില്‍. ഈ പ്രകടനം അവള്‍ക്കായി സമര്‍പ്പിക്കുന്നു. എന്റെ ചേച്ചിയോട് പറയാനുള്ളത്. ഞങ്ങളെല്ലാവരും നിനക്കൊപ്പമുണ്ട്. അടുത്ത മത്സരം ലോര്‍ഡ്‌സിലാണ്. ആ ടെസ്റ്റിനെ പറ്റി ഇപ്പോള്‍ എന്തും ചിന്തിക്കുന്നില്ല.ഈ നിമിഷത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അതിനാല്‍ ലോര്‍ഡ്‌സിലെ ഗെയിം പ്ലാന്‍ എന്താണെന്ന് മനസില്‍ ഇല്ല. സ്വന്തം കഴിവിലും കരുത്തിലും വിശ്വസിക്കുക എന്നത് മാത്രമാണ് തന്റെ മന്ത്രമെന്നും 28കാരന്‍ വ്യക്തമാക്കി.
 
ബെര്‍മിങ്ഹാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 4 വിക്കറ്റുകളും രണ്ടാം ഇന്നിങ്ങ്‌സില്‍ 6 വിക്കറ്റുകളുമാണ് ആകാശ് ദീപ് വീഴ്ത്തിയത്. മത്സരത്തില്‍ ആകാശ് ദീപിന്റെയും മുഹമ്മദ് സിറാജിന്റെയും മികച്ച പ്രകടനങ്ങളായിരുന്നു ഇന്ത്യയ്ക്ക് വിജയം നേടി തന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍