ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് മൈതാനത്ത് നിന്ന് റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയെങ്കിലും ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത്. മത്സരത്തില്‍ 26 റണ്‍സ് പൂര്‍ത്തിയാക്കിയതോടെ ഇംഗ്ലണ്ടില്‍ മാത്രം 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ വിദേശ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നേട്ടമാണ് പന്ത് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. ഇംഗ്ലണ്ടില്‍ 1000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് റിഷഭ് പന്ത്.
തന്റെ 24മത്തെ ഇന്നിങ്ങ്‌സിലാണ് പന്തിന്റേ നേട്ടം. നേരത്തെ മാഞ്ചദ്സ്റ്റര്‍ ടെസ്റ്റിനിടെ ഇന്ത്യന്‍ താരമായ കെ എല്‍ രാഹുലും ഇംഗ്ലണ്ടില്‍ 1000 റണ്‍സെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. 25 ഇന്നിങ്ങ്‌സില്‍ നിന്നായിരുന്നു രാഹുലിന്റെ നേട്ടം. 30 ഇന്നിങ്ങ്‌സില്‍ നിന്നും 1575 റണ്‍സ് നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇംഗ്ലണ്ടില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള ഇന്ത്യന്‍ താരം. 23 ഇന്നിങ്ങ്‌സില്‍ നിന്നും 1367 റണ്‍സുമായി രാഹുല്‍ ദ്രാവിഡ് രണ്ടാം സ്ഥാനത്തും 28 ഇന്നിങ്ങ്‌സില്‍ നിന്നും 1152 റണ്‍സുമായി സുനില്‍ ഗവാസ്‌കര്‍ മൂന്നാം സ്ഥാനത്തുമാണ്. വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരാണ് ഇംഗ്ലണ്ടില്‍ 1000 റണ്‍സ് നേടിയിട്ടുള്ള മറ്റ് താരങ്ങള്‍.