Rishab Pant: വീരനെ പോലെ പൊരുതി, 54 റണ്‍സില്‍ റിഷഭ് പന്ത് പുറത്ത്, രോഹിത്തിന്റെ റെക്കോര്‍ഡ് നേട്ടം തകര്‍ത്തു

അഭിറാം മനോഹർ

വ്യാഴം, 24 ജൂലൈ 2025 (18:50 IST)
ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് പരിക്ക് വകവെയ്ക്കാതെ ബാറ്റിങ്ങിനിറങ്ങിയത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഒന്നായിരുന്നു. കാലിന് പരിക്കുമായി ആദ്യ ദിവസം ബാറ്റ് ചെയ്യാനാകാതെ മടങ്ങിയ പന്തിന് രണ്ടാം ദിവസം ഷാര്‍ദൂല്‍ താക്കൂറിന്റെ വിക്കറ്റ് നഷ്ടമായതോടെയാണ് ഇന്ത്യയ്ക്കായി ബാറ്റ് ചെയ്യേണ്ടി വന്നത്. മത്സരത്തില്‍ ആര്‍ച്ചര്‍ എറിഞ്ഞ പന്തില്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ 54 റണ്‍സാണ് പന്ത് സ്വന്തം പേരില്‍ ചേര്‍ത്തത്. ഇതിനിടെ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് നേട്ടവും പന്ത് മറികടന്നു.
 
 വ്യക്തിഗത സ്‌കോര്‍ 40 റണ്‍സില്‍ നില്‍ക്കെയാണ് രോഹിത്തിന്റെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ റെക്കോര്‍ഡ് നേട്ടം റിഷഭ് പന്ത് മറികടന്നത്. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ റണ്‍സുള്ള ഇന്ത്യന്‍ താരമെന്ന രോഹിത്തിന്റെ റെക്കോര്‍ഡ് നേട്ടമാണ് പന്ത് മറികടന്നത്. 2716 റണ്‍സാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രോഹിത്തിന്റെ പേരിലുണ്ടായിരുന്നത്.നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 15 അര്‍ധസെഞ്ചുറികളും 6 സെഞ്ചുറികളുമാണ് റിഷഭ് പന്തിന്റെ പേരിലുള്ളത്.
 
നേരത്തെ മത്സരത്തിനിടെ ഇംഗ്ലണ്ടില്‍ ടെസ്റ്റില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇംഗ്ലണ്ടുകാരനല്ലാത്ത വിക്കറ്റ് കീപ്പര്‍ എന്ന നേട്ടം റിഷഭ് പന്ത് സ്വന്തമാക്കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍