ഇന്ത്യന്‍ ക്യാമ്പിലേക്ക് താരങ്ങളെ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച് ഐഎസ്എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് അടക്കമുള്ള താരങ്ങളെയാണ് ടീം വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി ഖാലിദ് ജമീല്‍ ചുമതലയേറ്റശേഷം കഴിഞ്ഞ ദിവസം സിഎഎഫ്എ നേഷന്‍സ് പോരാട്ടത്തിനുള്ള 35 അംഗ പ്രാഥമിക സംഘത്തെ തിരെഞ്ഞെടുത്തിരുന്നു. ഈ ക്യാമ്പിലേക്കാണ് ക്ലബ് താരങ്ങളെ വിട്ടുകൊടുക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.
7 മോഹന്‍ ബഗാന്‍ താരങ്ങളടക്കം 13 താരങ്ങളെയാണ് ക്ലബുകള്‍ ക്യാമ്പിലേക്ക് വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചത്. അനിരുദ്ധ് ഥാപ, ദീപക് ടാംഗ്രി, ലാലെങ്മാവിയ, ലിസ്റ്റണ്‍ കൊളോക്കോ, മന്‍വീര്‍ സിങ്, സഹല്‍ അബ്ദുല്‍ സമദ്, വിശാല്‍ കെയ്ത്ത് എന്നീ താരങ്ങളെയാണ് വിട്ടുനല്‍കാനാവില്ലെന്ന് മോഹന്‍ ബഗാന്‍ അറിയിച്ചത്. സീനിയര്‍ ടീമിലേക്ക് മാത്രമല്ല ഇന്ത്യയുടെ അണ്ടര്‍ 23 ടീമിലേക്കും താരങ്ങളെ വിട്ടുകൊടുക്കാനാവില്ലെന്ന് മോഹന്‍ ബഗാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡ്യൂറന്റ് കപ്പ്, എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ ചൂണ്ടികാണിച്ചാണ് നടപടിയെങ്കിലും താരങ്ങള്‍ക്ക് പരിക്ക് പറ്റുന്നത് ചൂണ്ടികാണിച്ചാണ് ക്ലബുകള്‍ കടുത്ത നടപടി എടുത്തിരിക്കുന്നത്.ദേശീയ ടീമിനായി കളിച്ച് പരിക്കേറ്റ താരങ്ങളെ പിന്നീട് എഐഎഫ്എഫ് പിന്നെ തിരിഞ്ഞുനോക്കാറില്ലെന്നും ക്ലബുകള്‍ വ്യക്തമാക്കുന്നു.