ഇന്ത്യൻ ഫുട്ബോളിനെ രക്ഷിക്കാൻ സാവി റെഡി, പക്ഷേ പണമില്ലെന്ന് എഐഎഫ്എഫ്, അപേക്ഷ തള്ളി

അഭിറാം മനോഹർ

വെള്ളി, 25 ജൂലൈ 2025 (13:12 IST)
Xavi fernandez
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനാകാനുള്ള ബാഴ്‌സലോണ മുന്‍ മാനേജറും ഇതിഹാസ താരവുമായ സാവി ഹെര്‍ണാണ്ടസിന്റെ അപേക്ഷ തള്ളി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. സാവി ആവശ്യപ്പെട്ട ഭീമമായ പ്രതിഫലം നല്‍കാനാവില്ലെന്ന കാരണത്താലാണ് അപേക്ഷ തള്ളുന്നതെന്ന് എഐഎഫ്എഫ് പ്രതികരിച്ചു.
 
എഐഎഫ്എഫ് നാഷണല്‍ ടീം ഡയറക്ടറായ സുബ്രതാ പോളാണ് പരിശീലകസ്ഥാനത്തിനായി അപേക്ഷ നല്‍കിയവരില്‍ ബാഴ്‌സലോണയുടെ മുന്‍ സ്പാനിഷ് താരമായ സാവി ഹെര്‍ണാണ്ടസും ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. സാവിക്ക് ഇന്ത്യന്‍ ഫുട്‌ബോളിനോട് ഗൗരവകരമായ താല്പര്യം ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ സാവി ആവശ്യപ്പെടുന്ന ഭീമമായ പ്രതിഫലം നല്‍കാന്‍ എഐഎഫ്എഫിന് കഴിയില്ല. അത് ഇന്ത്യന്‍ ഫുട്‌ബോളിന് വലിയ സാമ്പത്തിക നഷ്ടമാകും ഉണ്ടാക്കുകയെന്ന് എഐഎഫ്എഫ് ടെക്‌നിക്കല്‍ കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
 
 സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണയുടെ പരിശീലകനായി 122 മത്സരങ്ങളിലാണ് ബാഴ്‌സയെ സാവി പരിശീലിപ്പിച്ചത്. ഇതില്‍ 76 മത്സരങ്ങളില്‍ വിജയം നേടി. ലാ ലിഗ, സ്പാനിഷ് സൂപ്പര്‍ കോപ്പ കിരീടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. ബാഴ്‌സലോണയുടെയും സ്‌പെയിന്റെയും സുവര്‍ണതലമുറയിലെ പ്രധാനികളില്‍ ഒരാളാണ് സാവി. 767 മത്സരങ്ങളില്‍ ബാഴ്‌സലോണയ്ക്കായി കളിച്ച സാവി സ്‌പെയിനിനായി 133 മത്സരങ്ങളിലും കളിച്ചു.സാവിയെ കൂടാതെ മുന്‍ ഇന്ത്യന്‍ പരിശീലകനായ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍, ഖാലിദ് ജമീല്‍ എന്നിവരുടെ പേരുകളാണ് എഐഎഫ്എഫിന് മുന്നിലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍