ഗാർഡിയോളയും മൗറീഞ്ഞോയും ഒരുമിച്ച് വന്നാലും ഇന്ത്യൻ ഫുട്ബോൾ രക്ഷപ്പെടില്ല, തുറന്നടിച്ച് ഇവാൻ വുകാമാനോവിച്ച്

അഭിറാം മനോഹർ

ചൊവ്വ, 1 ജൂലൈ 2025 (15:54 IST)
പെപ് ഗാര്‍ഡിയോളയും ഹൊസെ മൗറിഞ്ഞോയും ഒരുമിച്ച് വന്ന് പരിശീലിപ്പിച്ചാല്‍ പോലും ഇപ്പോഴത്തെ ഇന്ത്യന്‍ ഫുട്‌ബോളില്‍ ഒരു മാറ്റവും സൃഷ്ടിക്കാനാകില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകനായ ഇവാന്‍ വുക്കോമനോവിച്ച്. നിലവിലെ ഇന്ത്യന്‍ പരിശീലകന്‍ മനോലോ മാര്‍ക്കേസിന്റെ പിന്‍ഗാമിയായി ഇവാന്‍ എത്തുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇവാന്റെ പ്രതികരണം.
 
ഇന്ത്യയ്ക്ക് ഇപ്പോള്‍ നല്ലൊരു പരിശീലകനുണ്ട്. മാത്രമല്ല ദേശീയ ടീമുകളേക്കാള്‍ ക്ലബ് പരിശീലകനാണ് ഞാന്‍. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എന്നെ പരിഗണിക്കുമോ എന്നത് തന്നെ എനിക്ക് സംശയമാണ്. എന്നെ ഒരിക്കല്‍ അവര്‍ വിലക്കിയതാണല്ലോ, ഇന്ത്യന്‍ ഫുട്‌ബോള്‍ തകര്‍ച്ചയിലാണ്. അതിന് പരിഹാരം കാണാന്‍ ഒരു കോച്ചിനെ കൊണ്ട് മാത്രം സാധിക്കില്ല. ഇവിടത്തെ സിസ്റ്റമാണ് പ്രശ്‌നം. ഫെഡറേഷന്റെ സമീപനം മാറണം.
 
 പ്രശ്‌നങ്ങളുണ്ടെന്ന് ആദ്യം സമ്മതിക്കുകയാണ് ആദ്യം വേണ്ടത്. ഈ സിസ്റ്റം തുടര്‍ന്നാല്‍ അടുത്ത 6-8 വര്‍ഷം ഈ സീനിയര്‍ ടീമിന് യാതൊരു സാധ്യതയുമില്ല. ഗ്വാര്‍ഡിയോളയും മൗറിഞ്ഞോയും ഒന്നിച്ച് വന്ന് പരിശീലിപ്പിച്ചാല്‍ പോലും ഈ ടീമിന് ഒരു ചലനം ഉണ്ടാക്കാനാവില്ല. സീനിയര്‍ ടീമിനെ വിട്ട് അണ്ടര്‍ 17,19,21 തലങ്ങളില്‍ കരുത്തുറ്റ ടീമുകളെ രൂപപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. അവര്‍ക്ക് മികച്ച പരിശീലന സൗകര്യങ്ങളും മത്സരപരിചയവും കൊടുക്കണം. ഐഎസ്എല്ലില്‍ തന്നെ യുവതാരങ്ങളെ ആരാണ് വളര്‍ത്തിയെടുക്കുന്നത്. പ്ലേ ഓഫും പണവും മാത്രമാണ് ഫ്രാഞ്ചൈസികളുടെ ലക്ഷ്യം. യൂത്ത് ഡെവലപ്പ്‌മെന്റ് എന്നത് എവിടെയും കാണുന്നില്ല. യൂറോപ്പിലേക്ക് നോക്കണ്ട. ഏഷ്യയില്‍ തന്നെ ജപ്പാനും സൗദിയും ഖത്തറുമെല്ലാം ടീമുകളെ വളര്‍ത്തിയെടുത്തു. ഇന്ത്യ വളരെ പിന്നിലാണ്. വുകോമാനോവിച്ച് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍