ലോര്‍ഡ്‌സ് ടെസ്റ്റിലെ ആദ്യദിനം അവസാനിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഓവറില്‍ 3.02 നിരക്കിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ചെയ്യുന്നത്. ഇംഗ്ലണ്ട് നായകനായ ബെന്‍ സ്റ്റോക്‌സ് ഇതിനകം 102 പന്തുകളില്‍ നിന്ന് 39 റണ്‍സും ജോ റൂട്ട് 191 പന്തുകളില്‍ നിന്നും 99 റണ്‍സും മാത്രമാണ് നേടിയിട്ടുള്ളത്. ഇതിനിടെ മത്സരത്തില്‍ ജോ റൂട്ടിനെ സ്ലെഡ്ജ് ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ പേസറായ മുഹമ്മദ് സിറാജ്.
മത്സരത്തില്‍ ഇംഗ്ലണ്ട് പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെയാണ് സിറാജിന്റെ പരിഹാസം. റൂട്ട്, എവിടെ നിങ്ങളുടെ ബാസ് ബോള്‍, ബാസ് ബോള്‍ കളിക്കു ഞങ്ങളൊന്ന് കാണട്ടെ എന്നാണ് സിറാജ് പറയുന്നത്. സ്റ്റമ്പ്‌സ് മൈക്കില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ വളരെ വേഗം തന്നെ ആരാധകരും വീഡിയോ ഏറ്റെടുത്തു. മത്സരത്തിനിടെ നിങ്ങള്‍ ബോറിംഗ് ക്രിക്കറ്റിലേക്ക് തിരിച്ചുവന്നോ എന്ന് ഇന്ത്യന്‍ നായകനായ ശുഭ്മാന്‍ ഗില്ലും പരിഹസിച്ചു.