ഏഷ്യാകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ- പാക് മത്സരങ്ങള്‍ കളിക്കേണ്ടതുണ്ടോ എന്ന ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് ഏഷ്യാകപ്പില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന മത്സരം. എന്നാല്‍ പാകിസ്ഥാനെതിരെ കളിക്കുമ്പോഴൊന്നും ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍ തിളങ്ങിയിട്ടില്ലെന്ന് കണക്കുകള്‍ സഹിതം വ്യക്തമാക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരമായ ബാസിദ് ഖാന്‍.
സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ കഴിവുള്ള താരമാണെങ്കിലും സൂര്യകുമാര്‍ യാദവിന് പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ മാത്രം എന്തോ പ്രശ്‌നമുണ്ടെന്നാണ് ബാസിദ് ഖാന്‍ പറയുന്നത്. ലോകത്തിലെ എല്ലാ ടീമുകള്‍ക്കെതിരെയും സൂര്യകുമാര്‍ റണ്‍സടിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാനെതിരെ കളിച്ച 5 കളികളില്‍ നിന്നും 12.80 ശരാശരിയിലും 118.51 സ്‌ട്രൈക്ക്‌റേറ്റിലും 64 റണ്‍സ് മാത്രമാണ് സൂര്യ നേടിയിട്ടുള്ളത്. 18 റണ്‍സ് മാത്രമാണ് പാകിസ്ഥാനെതിരെ സൂര്യയുടെ ഉയര്‍ന്ന സ്‌കോര്‍.
2021ലെ ടി20 ലോകകപ്പില്‍ നാലാമനായി ഇറങ്ങിയ സൂര്യ 8 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. 2022ലെ ഏഷ്യാകപ്പില്‍ 18 പന്തില്‍ 18 റണ്‍സാണ് നേടിയത്. 2022ലെ ടി20 ലോകകപ്പില്‍ 10 പന്തില്‍ 15 റണ്‍സും 2024ലെ ടി20 ലോകകപ്പില്‍ 8 പന്തില്‍ 7 റണ്‍സുമാണ് പാകിസ്ഥാനെതിരെ സൂര്യ നേടിയത്.ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ബാസിദ് ഖാന്റെ വിമര്‍ശനം.