Ravindra Jadeja - Joe Root: ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ദിനം രസകരമായ പല സംഭവങ്ങളും ഇരു ടീമിലെയും താരങ്ങള്‍ക്കിടയിലുണ്ടായി. അതിലൊന്നാണ് ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടിനെ ഡബിള്‍ ഓടിയെടുക്കാന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ വെല്ലുവിളിച്ചത്.
ആദ്യ ദിനത്തിലെ അവസാന ഓവറിലാണ് രസകരമായ സംഭവം. ഇന്ത്യക്കായി ആകാശ് ദീപ് എറിഞ്ഞ 83-ാം ഓവറിലെ നാലാം പന്തില്‍ റൂട്ട് ഓഫ് സൈഡില്‍ കളിച്ച ഷോട്ട് ബൗണ്ടറി ലൈനിനു സമീപം ഫീല്‍ഡ് ചെയ്യുകയായിരുന്ന രവീന്ദ്ര ജഡേജയുടെ കൈകളിലാണ് എത്തിയത്. ഈ സമയത്ത് റൂട്ടിന്റെ വ്യക്തിഗത സ്‌കോര്‍ 98 ആയിരുന്നു. ഡബിള്‍ ഓടിയെടുത്താല്‍ സെഞ്ചുറി. ഈ സമയത്താണ് ജഡേജയുടെ വെല്ലുവിളി.
റൂട്ടും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന ബെന്‍ സ്‌റ്റോക്‌സും അനായാസം സിംഗിള്‍ ഓടിയെടുത്തു. രണ്ടാമത്തെ റണ്ണിനായി ശ്രമിക്കുമ്പോഴേക്കും പന്ത് ജഡേജയുടെ കൈയില്‍ ഭദ്രം. പന്ത് കൈയില്‍ പിടിച്ച ശേഷം റൂട്ടിനോടു ഡബിള്‍ ഓടാന്‍ ആവശ്യപ്പെടുകയായിരുന്നു ജഡേജ. 'ഓടി നോക്കൂ' എന്ന് ജഡേജ കൈകൊണ്ട് ആംഗ്യം കാണിക്കുന്നത് വീഡിയോയില്‍ കാണാം. അതിനുശേഷം ജഡേജ പന്ത് നിലത്തിടുന്നുണ്ട്. അപ്പോള്‍ രണ്ടാം റണ്‍സിനായി ഓടിയാലോ എന്ന് റൂട്ടും ആലോചിക്കുന്നു. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ ജഡേജയാണ് അപ്പുറത്തുള്ളതെന്ന് മനസിലാക്കിയ റൂട്ട് രണ്ടാം റണ്‍സിനായുള്ള റിസ്‌ക് ഉപേക്ഷിച്ചു. റൂട്ടിന്റെ വ്യക്തിഗത സ്‌കോര്‍ 99 ആയി നില്‍ക്കെയാണ് ഒന്നാം ദിനം കളി അവസാനിപ്പിച്ചത്.
ഈ ദൃശ്യങ്ങള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. ജഡേജയുടെ വെല്ലുവിളി ഏറ്റെടുത്ത് റൂട്ട് രണ്ടാം റണ്‍സിനായി ഓടിയിരുന്നെങ്കില്‍ സെഞ്ചുറി നഷ്ടമായേനെ എന്നാണ് വീഡിയോയ്ക്കു താഴെ ക്രിക്കറ്റ് ആരാധകരുടെ കമന്റ്.