ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം 45 റണ്‍സ് സ്വന്തമാക്കിയതോടെ ഇന്ത്യക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ 3000 റണ്‍സെന്ന റെക്കോര്‍ഡ് നേട്ടത്തിലെത്തുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇംഗ്ലണ്ട് താരം ജോ റൂട്ട്. 33 മത്സരങ്ങളിലെ 60 ഇന്നിങ്ങ്‌സുകളിലായി 57.5 എന്ന മികച്ച ബാറ്റിംഗ് ശരാശരിയോടെയാണ് 3000 റണ്‍സ് ഇന്ത്യക്കെതിരെ താരം സ്വന്തമാക്കിയത്. ഇന്ത്യന്‍ പിച്ചുകളിലും ഇംഗ്ലണ്ട് പിച്ചുകളിലും ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡാണ് താരത്തിനുള്ളത്. ഇന്ത്യക്കെതിരെ മാത്രം ടെസ്റ്റില്‍ 10 സെഞ്ചുറികള്‍ താരം സ്വന്തമാക്കികഴിഞ്ഞു. ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ 99 റണ്‍സെന്ന നിലയില്‍ റൂട്ട് ക്രീസിലുണ്ട്.
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന താരമെന്ന റെക്കോര്‍ഡ് സച്ചിനെ മറികടന്ന് റൂട്ട് നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. ഇന്ത്യക്കെതിരെ 2,555 റണ്‍സ് സ്വന്തമാക്കിയിട്ടുള്ള ഓസീസ് ഇതിഹാസതാരം റിക്കി പോണ്ടിങ്ങാണ് റൂട്ടിന് പിന്നിലുള്ളത്. നിലവില്‍ സജീവമായിട്ടുള്ള താരങ്ങളില്‍ 2,356 റണ്‍സ് ഇന്ത്യക്കെതിരെ സ്വന്തമാക്കിയിട്ടുള്ള സ്റ്റീവ് സ്മിത്ത് ലിസ്റ്റില്‍ നാലാം സ്ഥാനത്താണ്. ഇന്ത്യന്‍ മണ്ണില്‍ 45.42 ശരാശരിയില്‍ 1272 റണ്‍സും റൂട്ട് സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ മാത്രം 1700+ റണ്‍സും റൂട്ട് സ്വന്തമാക്കി കഴിഞ്ഞു. അതേസമയം ഇംഗ്ലണ്ടില്‍ മാത്രം 7000 റണ്‍സെന്ന നേട്ടവും ലോര്‍ഡ്‌സ് ടെസ്റ്റില്‍ റൂട്ട് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. നിലവില്‍ സജീവ ക്രിക്കറ്റിലുള്ള താരങ്ങളില്‍ സച്ചിന്റെ ടെസ്റ്റ് റെക്കോര്‍ഡുകള്‍ക്ക് ഏറ്റവും ഭീഷണി സൃഷ്ടിക്കുന്ന താരമാണ് ജോ റൂട്ട്.