India vs England 4th Test: റൂട്ടിനെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി, എവിടെയാടാ പോയി നിൽക്കുന്നെ, അൻഷുൽ കാംബോജിനോട് കലിപ്പിച്ച് ജഡേജ

അഭിറാം മനോഹർ

വെള്ളി, 25 ജൂലൈ 2025 (18:23 IST)
India vs England
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടിനെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍. മത്സരത്തില്‍ മുഹമ്മദ് സിറാജെറിഞ്ഞ 54മത്തെ ഓവറിലായിരുന്നു സംഭവം. സിറാജ് എറിഞ്ഞ പന്തില്‍ ബാറ്റ് ചെയ്ത ജോ റൂട്ട് റണ്‍സിനായി നോണ്‍ സ്‌ട്രൈക്കര്‍ ബാറ്ററായ ഒലി പോപ്പുമായി ഉണ്ടായ കണ്‍ഫ്യൂഷന്‍ കാരണം റൂട്ട് റണ്‍സിനായി മൈതാനത്തിന്റെ പകുതിവരെ എത്തിയിരുന്നു. റൂട്ടിന്റെ സ്റ്റമ്പ്‌സ് ഉന്നം വെച്ച് ജഡേജ ത്രോ ചെയ്‌തെങ്കിലും പന്ത് സ്റ്റമ്പില്‍ തട്ടാതെ കടന്നു പോയി. ഈ സമയം സ്റ്റമ്പ് കവര്‍ ചെയ്യേണ്ടിയിരുന്ന അന്‍ഷുല്‍ കാംബോജ് പരിസരത്ത് ഇല്ലാതിരുന്നതാണ് റണ്ണൗട്ട് അവസരം ഇന്ത്യയ്ക്ക് നഷ്ടപ്പെടുത്തിയത്.
 
 ഇതോടെ ത്രോ എറിഞ്ഞ ജഡേജ തന്റെ നിരാശ മറച്ചുവെയ്ക്കാതെ അന്‍ഷുല്‍ കാംബോജിനെ ചീത്ത പറയുന്ന ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞത്. മത്സരത്തില്‍ ലഞ്ചിന് മുന്‍പ് 332ന് 2 വിക്കറ്റ് എന്ന ശക്തമായ നിലയിലായിരുന്നു ഇംഗ്ലണ്ട്. ജോ റൂട്ടിനെ മടക്കാനായിരുന്നെങ്കില്‍ മത്സരത്തില്‍ തിരിച്ചെത്താന്‍ ഇന്ത്യയ്ക്ക് അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ റണ്ണൗട്ട് അവസരം നഷ്ടമായതോടെ റൂട്ട് ക്രീസില്‍ തുടരുകയും അര്‍ധസെഞ്ചുറി സ്വന്തമാക്കുകയും ചെയ്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ആദ്യ ഇന്നിങ്ങ്‌സ് 358 റണ്‍സില്‍ അവസാനിച്ചിരുന്നു. ബെന്‍ ഡെക്കറ്റ്(94), സാക് ക്രോളി(63), ഒലി പോപ്പ്(71) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
 

pic.twitter.com/Fh7dXQIX4S

— Drizzyat12Kennyat8 (@45kennyat7PM) July 25, 2025
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍