Virat Kohli: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം കോലി ആവശ്യപ്പെട്ടു, ഗംഭീർ എതിർത്തെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ

ഞായര്‍, 11 മെയ് 2025 (14:43 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും രോഹിത് ശര്‍മ വിരമിച്ചതിന് പിന്നാലെ സൂപ്പര്‍ താരമായ വിരാട് കോലിയും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കാന്‍ പോകുന്നതായുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. വിരമിക്കാനുള്ള സന്നദ്ധത പ്രഖ്യാപിച്ച കോലിയെ അതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിരമിക്കല്‍ തീരുമാനം കോലി മാറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ ആരാകണം ക്യാപ്റ്റനെന്നതിനെ സംബന്ധിച്ച പ്രശ്‌നങ്ങളാണ് നിലവില്‍ കോലിയുടെ വിരമിക്കലില്‍ എത്തിനില്‍ക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
അടുത്തമാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം കോലി ആവശ്യപ്പെട്ടെന്നും എന്നാല്‍ സെലക്ടര്‍മാരും പരിശീലകന്‍ ഗൗതം ഗംഭീറും ഇത് നിരസിച്ചെന്നും ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാപ്റ്റനായി കഴിഞ്ഞ മത്സരങ്ങളിലെല്ലാം വലിയ പരാജയമായ രോഹിത് ശര്‍മയെ നായകനാക്കില്ലെന്ന് സെലക്ടര്‍മാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ പുതിയ ടീമിനെ കെട്ടിപടുക്കാനായി യുവതാരങ്ങളെ ആരെയെങ്കിലും നായകനാക്കാനാണ് സെലക്ടര്‍മാരുടെയും കോച്ച് ഗംഭീറിന്റെയും തീരുമാനം.
 
 രോഹിത് നായകനാകുന്നില്ലെങ്കില്‍ ഇന്ത്യയെ നയിക്കാമെന്ന കോലിയുടെ ഓഫര്‍ ഇതോടെ സെലക്ടര്‍മാരും കോച്ചും നിരസിച്ചെന്നും ഇതാണ് കോലിയെ വിരമിക്കല്‍ തീരുമാനത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിരന്തരമായുള്ള പരിക്കുകള്‍ ഭീഷണിയായതിനാല്‍ ജസ്പ്രീത് ബുമ്രയെ ഇന്ത്യ ടെസ്റ്റ് ടീം നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല. 25കാരനായ യുവതാരം ശുഭ്മാന്‍ ഗില്ലിനെയാകും ഇന്ത്യ നായകനാക്കുക എന്നാണ് സൂചന. എന്നാല്‍ ഇംഗ്ലണ്ട് പരമ്പര പോലെ നിര്‍ണായകമായ പരമ്പരയില്‍ തന്നെ ആദ്യമായി ശുഭ്മാന്‍ ഗില്ലിനെ നായകനാക്കുന്നതില്‍ ആരാധകര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍