ഇനി പാകിസ്ഥാനിലേക്കില്ലെന്ന് ഡാരിൽ മിച്ചൽ പറഞ്ഞു, എയർപോർട്ട് അടച്ചെന്ന് കേട്ടപ്പോൾ ടോം കരൻ കുഞ്ഞിനെ പോലെ കരഞ്ഞു, പാകിസ്ഥാനിലെ അനുഭവം പറഞ്ഞ് ബംഗ്ലാദേശ് താരം റിഷാദ് ഹൊസൈൻ

അഭിറാം മനോഹർ

ഞായര്‍, 11 മെയ് 2025 (13:36 IST)
PSL India pak conflict
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വെടിനിര്‍ത്തലില്‍ എത്തിയതിന്റെ ആശ്വാസത്തിലാണ് ലോകം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ കയറി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിലൂടെയാണ് ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായത്. ഇതിന് പിന്നാലെ ശക്തമായ വ്യോമാക്രമണമാണ് പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് നേരെ നടത്തിയത്. ഇന്ത്യയും ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന്റെ തന്ത്രപ്രധാനമായ പലയിടങ്ങളിലും നല്‍കിയത്. അതിര്‍ത്തിയില്‍ സംഘര്‍ഷം വഷളായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ഐപിഎല്ലിലും പാകിസ്ഥാനിലെ ഐഎസ്എല്‍ മത്സരങ്ങളും തടസപ്പെട്ടിരുന്നു. ഐഎസ്എല്ലില്‍ മത്സരം നടക്കേണ്ട ദിവസമാണ് റാവല്‍പിണ്ടി സ്റ്റേഡിയത്തിന് നേരെ ആക്രമണമുണ്ടായത്. ഇപ്പോഴിതാ ഈ ആക്രമണത്തെ തുടര്‍ന്ന് പിഎസ്എല്ലില്‍ കളിക്കുന്ന വിദേശതാരങ്ങള്‍ക്കുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ്. ഐഎസ്എല്ലില്‍ ലാഹോര്‍ കലാന്‍ഡര്‍സ് താരമായ ബംഗ്ലാദേശ് ലെഗ്-സ്പിന്നര്‍ റിഷാദ് ഹോസൈന്‍. പാകിസ്ഥാനില്‍ നിന്നും യുഎഇയില്‍ എത്തിയതിന് പിന്നാലെയാണ് വിദേശതാരങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടിനെ പറ്റി റിഷാദ് തുറന്ന് പറഞ്ഞത്.
 
 റാവല്‍പിണ്ടിയിലെ സ്റ്റേഡിയം ആക്രമണവും രാജ്യം ഏറ്റുമുട്ടലിന്റെ വക്കിലും എത്തിയതോടെ 'സാം ബില്ലിംഗ്‌സ്, ഡാരില്‍ മിച്ചല്‍, കുശാല്‍ പെറേര, ഡേവിഡ് വീസ്, ടോം കറന്‍ തുടങ്ങിയ താരങ്ങള്‍ ശരിക്കും ഭയന്ന് വിറച്ചെന്നാണ് റിഷാദ് ഹൊസൈന്‍ പറയുന്നത്. ഇനി ഒരിക്കലും പാകിസ്ഥാനിലേക്ക് വരില്ലെന്നാണ് ഡാരില്‍ മിച്ചല്‍ പറഞ്ഞത്. റിഷാദിന്റെ വാക്കുകള്‍ ഇങ്ങനെ. സാഹചര്യം രൂക്ഷമായതോടെ ടോം കരന്‍ ശരിക്കും കരഞ്ഞു വീണു. അവനെ ശാന്തനാക്കാന്‍ മാത്രം രണ്ട് മൂന്ന് പേര്‍ അവശ്യമായി വന്നു. എയര്‍പോര്‍ട്ടുകള്‍ കൂടി അടച്ചെന്ന കേട്ടതോടെ ഒരു കുഞ്ഞിനെ പോലെ കരയാന്‍ തുടങ്ങി. ഭയം, സംഘര്‍ഷം, രക്ഷപ്പെടല്‍ വിവരിക്കാനാവത്ത അവസ്ഥയായിരുന്നു. എന്റെ കുടുംബവും ആശങ്കകുലരായിരുന്നു. ബംഗ്ലാദേശിലെ സഹതാരം നഹീദ് റാണയ്ക്കും വലിയ പേടിയുണ്ടായിരുന്നു. അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. റിഷാദ് ഹുസൈന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍