2025ലെ ആഷസ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന് തിരിച്ചടിയായി പേസര്‍ പാറ്റ് കമ്മിന്‍സിന്റെ പരിക്ക്. ഓസീസ് നായകന്‍ കൂടിയായ പാറ്റ് കമ്മിന്‍സ് പുറം വേദനയില്‍ നിന്നും സുഖം പ്രാപിച്ചില്ലെങ്കില്‍ ആഷസില്‍ സ്റ്റീവ് സ്മിത്ത് നായകസ്ഥാനം ഏറ്റെടുക്കുമെന്ന് മുഖ്യ സെലക്ടര്‍ ജോര്‍ജ് ബെയ്ലി സ്ഥിരീകരിച്ചു. ജൂലൈ മുതല്‍ പരിക്ക് മൂലം ടീമിന് പുറത്തുള്ള കമ്മിന്‍സ് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പാറ്റ് കള്ളിക്കുന്നില്ലെങ്കില്‍ സ്മഡ്ജ് ആയിരിക്കും ടീം നായകന്‍. അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം പതിവുള്ള കാര്യമാണ്. സിഡ്‌നി മോണിംഗ് ഹെറാള്‍ഡുമായി സംസാരിക്കവെ ജോര്‍ജ് ബെയ്ലി പറഞ്ഞു. അതേസമയം ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന പാറ്റ് കമ്മിന്‍സ് നിലവില്‍ ഓട്ട പരിശീലനങ്ങള്‍ പുനരാരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ താരം ബൗളിംഗ് പരിശീലനം ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.