കോലിയും സെവാഗും പിന്നിൽ, അതിവേഗസെഞ്ചുറിയുമായി ഞെട്ടിച്ച് സ്മൃതി മന്ദാന, തകർത്തെറിഞ്ഞത് പല റെക്കോർഡുകളും

അഭിറാം മനോഹർ

ഞായര്‍, 21 സെപ്‌റ്റംബര്‍ 2025 (08:34 IST)
വനിതാ ഏകദിനക്രിക്കറ്റിലെ ഏറ്റവും വേഗത്തിലുള്ള ഇന്ത്യന്‍ താരത്തിന്റെ സെഞ്ചുറി സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ടീം ഓപ്പണിംഗ് താരമായ സ്മൃതി മന്ദാന. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഓസീസ് ഉയര്‍ത്തിയ 413 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്കായി 63 പന്തില്‍ 125 റണ്‍സാണ് സ്മൃതി നേടിയത്. അഞ്ച് സിക്‌സും 17 ബൗണ്ടറികളും ഉള്‍പ്പെടുന്നതാണ് സ്മൃതിയുടെ ഇന്നിങ്ങ്‌സ്. 50 പന്തുകളില്‍ നിന്നാണ് സ്മൃതിയുടെ സെഞ്ചുറി. 
 
മത്സരത്തിന്റെ പതിനെട്ടാം ഓവറിലെ രണ്ടാം പന്തില്‍ വ്യക്തിഗത സ്‌കോര്‍ 95ല്‍ നില്‍ക്കെ അലാന കിങ്ങിനെ മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സര്‍ പറത്തിയാണ് സ്മൃതി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. വനിതാ ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ വനിതാതാരത്തിന്റെ വേഗമേറിയ സെഞ്ചുറിയെന്ന തന്റെ പഴയ റെക്കോര്‍ഡും സ്മൃതി തകര്‍ത്തു. നേരത്തെ 70 പന്തില്‍ നിന്നായിരുന്നു സ്മൃതി സെഞ്ചുറി നേടിയത്.
 
2012ല്‍ ന്യൂസിലന്‍ഡിനെതിരെ ഓസീസിന്റെ മെഗ് ലാനിങ്ങ് നേടിയ 45 പന്തിലെ സെഞ്ചുറിയാണ് വനിതാ ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ചുറി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍