ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, മിച്ച് മാർഷ് നയിക്കും
ഓഗസ്റ്റ് 10ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. പാറ്റ് കമ്മിന്‍സിനും മിച്ചല്‍ സ്റ്റാര്‍ക്കിനും വിശ്രമം അനുവദിച്ചതിനാല്‍ മിച്ചല്‍ മാര്‍ഷാകും 2 ഫോര്‍മാറ്റിലും ഓസ്‌ട്രേലിയെ നയിക്കുക. വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യുവ ഓള്‍ റൗണ്ടര്‍ മിച്ചല്‍ ഓവന് ഏകദിന ടീമിലേക്ക് വിളിയെത്തി.
ട്രാവിസ് ഹെഡ്, ജോഷ് ഹേസല്‍വുഡ്, മാറ്റ് ഷോര്‍ട്ട് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ലാന്‍സ് മോറിസിനെ ഏകദിന ടീമില്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. അതേസമയം വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലുണ്ടായിരുന്ന ജേക് ഫ്രേസര്‍ മക്ഗുര്‍ഗ്, കൂപ്പര്‍ കോനോലി, ആരോണ്‍ ഹാര്‍ഡി,സീന്‍ അബട്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, തന്‍വീര്‍ സംഗ എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാനായില്ല.