ഇന്ത്യക്കെതിരായ സിഡ്‌നി ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. കഴിഞ്ഞ നാല് ടെസ്റ്റുകളിലും കളിച്ച മിച്ചല്‍ മാര്‍ഷിനെ ടീമില്‍ നിന്നും പുറത്താക്കിയപ്പോള്‍ പുതുമുഖ ഓള്‍റൗണ്ടര്‍ ബ്യൂ വെബ്സ്റ്ററിനെ ടീമില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ നാല് ടെസ്റ്റുകളിലും ബാറ്റിംഗിലും ബൗളിംഗിലും കാര്യമായ പ്രകടനങ്ങളൊന്നും നടത്താന്‍ മിച്ച് മാര്‍ഷിനായിരുന്നില്ല. കഴിഞ്ഞ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ജയിച്ച ടീമില്‍ നിന്നും ഈ മാറ്റം മാത്രമാണ് ഓസ്‌ട്രേലിയ വരുത്തിയിരിക്കുന്നത്.
ഓപ്പണര്‍മാരായി സാം കോണ്‍സ്റ്റാസും ഉസ്മാന്‍ ഖവാജയും തന്നെയാകും സിഡ്‌നിയിലും ഇറങ്ങുക. മൂന്നാം നമ്പറില്‍ മാര്‍നസ് ലബുഷെയ്‌നും നാലാം നമ്പറില്‍ സ്റ്റീവ് സ്മിത്തും അഞ്ചാമനായി ട്രാവിസ് ഹെഡും ഇറങ്ങും. ബ്യൂ വെബ്സ്റ്റര്‍, അലക്‌സ് ക്യാരി എന്നിവര്‍ പിന്നാലെയെത്തും. കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളിലെല്ലാം തന്നെ ബാറ്റിംഗില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതാണ് മിച്ച് മാര്‍ഷിന് തിരിച്ചടിയായത്. ഫ്രീ വിക്കറ്റായി മാറിയ താരത്തെ മാറ്റിനിര്‍ത്തുന്നത് സിഡ്‌നി ടെസ്റ്റിനുള്ള ഓസീസ് ടീമിനെ കൂടുതല്‍ ശക്തമാക്കും. നിലവില്‍ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഓസീസ്.