ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിയില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മെല്‍ബണില്‍ മത്സരശേഷം സംസാരിക്കവെ ടീമിന്റെ പ്രകടനത്തില്‍ ഇന്ത്യന്‍ നായകന്‍ അതൃപ്തി രേഖപ്പെടുത്തി. അതേസമയം വിരമിക്കല്‍ അഭ്യൂഹങ്ങളെയെല്ലാം തള്ളുന്നതായിരുന്നു രോഹിത്തിന്റെ വാര്‍ത്താസമ്മേളനം.
മത്സരത്തിന്റെ റിസള്‍ട്ട് വളരെ നിരാശാജനകമാണ്. അവസാനം വരെ പോരാടാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് അതിന് കഴിഞ്ഞില്ല. രണ്ടാം ഇന്നിങ്ങ്‌സില്‍ ഒരു ഘട്ടത്തില്‍ ഓസ്‌ട്രേലിയ 90/6 എന്ന നിലയിലായിരുന്നു. എന്നാല്‍ അവിടെ നിന്ന് ഓസീസ് കളി തിരിച്ചുപിടിക്കുകയായിരുന്നു. കളിയില്‍ നടന്ന ഒരു സംഭവം മാത്രം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ടീമായി എന്താണ് ചെയ്യാനാവുക എന്നതാണ് ചിന്തിച്ചത്. ഞങ്ങള്‍ പരമാവധി ശ്രമിച്ചു. ടീമിനായി ചെയ്യാവുന്നതെല്ലാം നല്‍കി.
ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്ന പല കാര്യങ്ങളും ഒരു ബാറ്ററെന്ന നിലയില്‍ ചെയ്യാനാവുന്നില്ല. മാനസികമായി അതൊരു വെല്ലുവിളിയും നിരാശയുമാണ്. ഇനിയും ഒരു കളി ബാക്കിയുണ്ട്. ഞങ്ങള്‍ നന്നായി കളിച്ചാല്‍ പരമ്പര സമനിലയിലാക്കാനാകും. ഒരു സമനില നല്ലൊരു റിസള്‍ട്ട് ആയിരിക്കും. രോഹിത് പറഞ്ഞു. അഞ്ചാം ദിവസം പിച്ച് മന്ദഗതിയിലായിരുന്നു. 7 വിക്കറ്റുകളുണ്ടായിരുന്നപ്പോള്‍ പോസിറ്റീവായിരുന്നു എന്നിരുന്നാലും അധികം മുന്നോട്ട് ചിന്തിച്ചില്ല. ഓസ്‌ട്രേലിയ മികച്ച സ്‌പെല്ലുകളാണ് പന്തെറിഞ്ഞത്. നേരത്തെ വിക്കറ്റുകള്‍ നഷ്ടമായത് പക്ഷേ തിരിച്ചടിയായി. രോഹിത് വ്യക്തമാക്കി.