സ്വര്‍ണ്ണ പാളി വിവാദം മുക്കാന്‍ നടന്മാരുടെ വീട്ടില്‍ റെയ്ഡ്: വിചിത്ര വാദവുമായി സുരേഷ് ഗോപി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 10 ഒക്‌ടോബര്‍ 2025 (15:41 IST)
സ്വര്‍ണ്ണ പാളി വിവാദം മുക്കാന്‍ നടന്മാരുടെ വീട്ടില്‍ റെയ്‌ഡെന്ന വിചിത്ര വാദവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്വര്‍ണ്ണത്തിന്റെ വിഷയം മറയ്ക്കാന്‍ വേണ്ടിയാണോ സിനിമ രംഗത്തുള്ള രണ്ടു പേരെ വീണ്ടും ത്രാസില്‍ കയറ്റി അളക്കാന്‍ കേരള ജനതയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നത്. ഇതിനെ സംബന്ധിച്ച് എന്‍ഐഎയും ഇഡിയും എല്ലാം പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നതുകൊണ്ട് കേന്ദ്രമന്ത്രി സഭയില്‍ ഇരുന്നു കൊണ്ട് അതിനെക്കുറിച്ച് പറയാന്‍ പാടില്ലെന്ന് സുരേഷ്‌ഗോപി പറഞ്ഞു.
 
ഈ സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ തിളക്കമുള്ളവരെ മലിനപ്പെടുത്തുക കളങ്കപ്പെടുത്തുക എന്ന പ്രക്രിയ മാത്രമാണ് പോലീസിനെ ഉപയോഗിച്ച് നടത്തുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഭൂട്ടാന്‍ വാഹന ഇടപാടുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ വീട്ടില്‍ കസ്റ്റംസും ഇന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നില്‍ സംസ്ഥാന സര്‍ക്കാരാണെന്നാണ് സുരേഷ് ഗോപിയുടെ വാദം.
 
അതേസമയം ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ 475 ഗ്രാമോളം നഷ്ടമായെന്ന് ഹൈക്കോടതി. ദേവസ്വം വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നിരീക്ഷണം. വിജിലന്‍സ് കണ്ടെത്തലുകളില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട കോടതി സംസ്ഥാന പോലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു. ദേവസ്വം കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. മഹസറില്‍ രേഖപ്പെടുത്തിയത് ചെമ്പുപാളി എന്നാണ്.സ്വര്‍ണം എന്നല്ല. ശില്പങ്ങള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍ സ്വര്‍ണ്ണത്തിന്റെ പാളിയുണ്ടായിരുന്നു. ഇത് മാറ്റാന്‍ പോറ്റി ഇവര്‍ക്ക് നിര്‍ദേശം നല്‍കി. 474.99 ഗ്രാം സ്വര്‍ണത്തിന്റെ തിരിമറി നടന്നെന്ന് വ്യക്തം. കോടതി നിരീക്ഷിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍