കടന്നൽ കുത്തേറ്റ തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

എ കെ ജെ അയ്യർ

വെള്ളി, 10 ഒക്‌ടോബര്‍ 2025 (14:15 IST)
തിരുവനന്തപുരം:  തേങ്ങയിടാനായി തെങ്ങിൽ കയറിയ തൊഴിലാളിക്ക് കടന്നൽ കുത്തേറ്റ് ദാരുണാന്ത്യം. കിളിമാനൂർ നഗരൂർ വെള്ളല്ലൂർ കുറക്കോട്ടുകോണം പാറവിള വീട്ടിൽ ജി ആനന്ദൻ (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ വെള്ളല്ലൂർ സ്വദേശിയുടെ പുരയിടത്തിലെ തെങ്ങിൽ തേങ്ങയിടാൻ കേറിയപ്പോഴായിരുന്നു സംഭവം. തെങ്ങിൽ കയറവേ ഇദ്ദേഹത്തെ കടന്നൽ കൂട്ടമായി ആക്രമിക്കുകയായിരുന്നു. തെങ്ങിൽ കൂടു വച്ചിരുന്ന കൂറ്റൻ കടന്നൽ ആനന്ദന്റെ തലയിലും ശരീര ഭാഗങ്ങളിലും കുത്തി. 
 
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആനന്ദനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
 
ഇതേ സമയം കഴിഞ്ഞ ദിവസം വയനാട്ടിലും സമാന സംഭവം ഉണ്ടായി. വയനാട്ടിലെ തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് കടന്നൽ കുത്തേറ്റു മരിച്ചത്. തെങ്ങിൽ കയറുന്ന യന്ത്രം ഉപയോഗിച്ച് തേങ്ങ ഇട്ടുന്നതിനിടെയാണ് കടന്നലുകൾ കൂട്ടത്തോടെ ആക്രമിച്ചത്. കടന്നൽ കുത്തേറ്റ് തളർന്നുപോയ ജോയ് പോളിനെ ഓടിക്കൂടിയവർ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.ഇതു കൂടാതെ ബുധനാഴ്ച ആലുവയിലും കടന്നൽ ആക്രമണത്തിൽ ഒരു വയോധികൻ മരിച്ചിരുന്നു. വയലിൽ പശുവിനെ കെട്ടുന്നതിനിടെയാണ് കീഴ്മാട് നാലാം വാർഡിൽ കുറുന്തല കിഴക്കേതിൽ വീട്ടിൽ ശിവദാസൻ എന്ന 70 കാരൻ മരിച്ചത്. ശിവദാസനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനെ ഇദ്ദേഹത്തിന്റെ മകൻ പ്രഭാതിനും കടന്നൽ കുത്തേറ്റിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍