ദക്ഷിണാഫ്രിക്കക്കെതിരെ 2023ല്‍ നേടിയ തന്റെ ആദ്യ ഏകദിന സെഞ്ചുറി പ്രകടനമാണ് തന്റെ കരിയര്‍ മാറ്റിമറിച്ചതെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ആ സെഞ്ചുറി നല്‍കിയ ആത്മവിശ്വാസം വലുതാണെന്നും നമ്മള്‍ കഴിവ് തെളിയിച്ചെങ്കില്‍ മാത്രമെ ആളുകള്‍ അംഗീകരിക്കുവെന്നും സഞ്ജു പറയുന്നു. സ്‌പോര്‍ട്‌സ് കാസറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു താരം.
എല്ലാം മാറ്റിമറിച്ചത് ദക്ഷിണാഫ്രിക്കക്കെതിരെ നേടാനായ കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയാണ്. അതുവരെയും ടീമിന് അകത്തും പുറത്തുമായിട്ടായിരുന്നു എന്റെ സ്ഥാനം. വളരെ കുറച്ച് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. അന്താരാഷ്ട്ര തലത്തില്‍ കളിക്കാനുള്ള കഴിവുണ്ടെന്ന് അറിയാമായിരുന്നു. പക്ഷേ നമ്മളത് തെളിയിക്കുന്നത് വരെ ആളുകള്‍ അംഗീകരിക്കില്ല. ആ സെഞ്ചുറിക്ക് ശേഷം ആളുകള്‍ എന്താണ് പറയുന്നതെന്ന് അറിയില്ല. എന്നാല്‍ സഞ്ജു നീ ഈ ലെവലില്‍ കളിക്കാന്‍ സൃഷ്ടിക്കപ്പെട്ടവനാണ് എന്നാണ് താന്‍ ചിന്തിച്ചതെന്നും സഞ്ജു പറയുന്നു.
ആ സെഞ്ചുറി നേടിയപ്പോഴാണ് ഇതെനിക്ക് ചെയ്യാനാകുമെങ്കില്‍ ഇതിന് വലുത് ചെയ്യാനാകുമെന്ന് മനസിലാക്കിയത്. സഞ്ജു പറഞ്ഞു. 2023 ഡിസംബര്‍ 21ന് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന മത്സരത്തില്‍ മൂന്നാമനായി ഇറങ്ങി 114 പന്തില്‍ 108 റണ്‍സാണ് സഞ്ജു നേടിയത്. ഇന്ത്യ 2 വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പതറിയ ഘട്ടത്തിലായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി പ്രകടനം. ഈ പ്രകടനത്തിന്റെ മികവില്‍ മത്സരം 73 റണ്‍സിന് വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.