ടി20 ടീമിൽ നിന്നും പുറത്ത്, പാക് ടീമുമായുള്ള കരാർ പുതുക്കാതെ റിസ്‌വാൻ

അഭിറാം മനോഹർ

ബുധന്‍, 29 ഒക്‌ടോബര്‍ 2025 (13:34 IST)
പാക് ക്രിക്കറ്റ് ബോര്‍ഡുമായി കരാര്‍ ഒപ്പുവെയ്ക്കാന്‍ തയ്യാറാകാതെ പാകിസ്ഥാന്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുഹമ്മദ് റിസ്വാന്‍. പാക് ടി20 ടീമില്‍ നിന്നും തന്നെ പുറത്താക്കിയ തീരുമാനത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തനിക്ക് വ്യക്തത നല്‍കണമെന്നാണ് മുഹമ്മദ് റിസ്വാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പാകിസ്ഥാന്‍ ടിവി ചാനലായ സമാ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
പാകിസ്ഥാന്റെ ടി20 സെറ്റപ്പില്‍ നിന്നും തന്നെ എന്തുകൊണ്ട് മാറ്റിനിര്‍ത്തി എന്നതില്‍ വിശദീകരണമാണ് റിസ്വാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ കരാറില്‍ ഒപ്പുവെയ്ക്കുന്നതിന് വേറെയും നിബന്ധനകള്‍ റിസ്വാന്‍ മുന്നോട്ട് വെച്ചതായാണ് വിവരം.കഴിഞ്ഞ ഡിസംബര്‍ മുതല്‍ പാകിസ്ഥാന്റെ ടി20 സെറ്റപ്പിന് പുറത്താണ് പാക് സൂപ്പര്‍ താരങ്ങളായ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും. ബാബറിനെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്ക് ടീമില്‍ തിരിച്ചുവിളിച്ചെങ്കിലും റിസ്വാനെ പാക് ക്രിക്കറ്റ് ബോര്‍ഡ് തഴഞ്ഞിരുന്നു.
 
അടുത്തിടെ പാകിസ്ഥാന്റെ ഏകദിന നായകസ്ഥാനത്ത് നിന്നും റിസ്വാനെ മാറ്റി ഷഹീന്‍ അഫ്രീദിയെ നായകനാക്കിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം മുഹമ്മദ് റിസ്വാന്‍ മാത്രമാണ് പാക് ക്രിക്കര്‍ ബോര്‍ഡുമായി നിലവില്‍ കരാര്‍ ഒപ്പിടാന്‍ ബാക്കിയുള്ളത്. നേരത്തെ ഏകദിന നായകസ്ഥാനത്ത് നിന്നും റിസ്വാനെ മാറ്റുന്നതില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് യാതൊരു വിശദീകരണവും നല്‍കിയിരുന്നില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍