ഫിനിഷായ കോലി ബാബറേക്കാൾ മെച്ചം, ടി20യിലെ തിരിച്ചുവരവിൽ പൂജ്യനായി മടങ്ങിയതിന് പിന്നാലെ പാക് താരത്തിന് ട്രോൾ മഴ

അഭിറാം മനോഹർ

ബുധന്‍, 29 ഒക്‌ടോബര്‍ 2025 (11:55 IST)
10 മാസത്തെ ഇടവേളയ്ക്ക് ശേഷം ടി20 ക്രിക്കറ്റില്‍ തിരിച്ചെത്തിയ മത്സരത്തില്‍ നിരാശപ്പെടുത്തി പാക് സൂപ്പര്‍ താരം ബാബര്‍ അസം. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ബാബര്‍ വീണ്ടും കുട്ടിക്രിക്കറ്റില്‍ തിരിച്ചെത്തിയത്. യുവതാരങ്ങളുമായെത്തിയ ദക്ഷിണാഫ്രിക്കക്കെതിരെ റണ്‍സൊന്നും നേടാനാവാതെയാണ് ബാബര്‍ മടങ്ങിയത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന്‍ 18 ഓവറില്‍ 139 റണ്‍സിന് ഓളൗട്ടായി. ഇതോടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലെത്തി.
 
മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് ഓപ്പണര്‍മാരായ സയ്യിം അയൂബും ഷാഹിബ് സാദ ഫര്‍ഹാനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. 19 പന്തില്‍ 24 റണ്‍സെടുത്ത ഫര്‍ഹാന്‍ പുറത്തായതോടെ പാകിസ്ഥാന്റെ തകര്‍ച്ച തുടങ്ങി. മൂന്നാമനായി ക്രീസിലെത്തിയ ബാബര്‍ അസം 2 പന്തില്‍ പൂജ്യത്തിന് മടങ്ങി. കോര്‍ബിന്‍ ബോഷാണ് ബാബറിനെ മടക്കിയത്. പിന്നാലെ 2 റണ്‍സിന് നായകന്‍ സല്‍മാന്‍ അലി ആഗയും മടങ്ങി.
 
 28 പന്തില്‍ 37 റണ്‍സുമായി സയീം അയൂബ് പൊരുതിയതോടെ പാകിസ്ഥാന്‍ സ്‌കോര്‍ 10.2 ഓവറില്‍ 82 റണ്‍സിലെത്തി. എന്നാല്‍ അയ്യൂബിനെ ജോര്‍ജ് ലിന്‍ഡെ മടക്കിയതോടെ പാക് തകര്‍ച്ച പെട്ടെന്നായിരുന്നു. വാലറ്റത്ത് മുഹമ്മദ് നവാസിന്റെ(36) പോരാട്ടമാണ് പാകിസ്ഥാന്റെ തോല്‍വിഭാരം കുറച്ചത്. ദക്ഷിണാഫ്രിക്കക്കായി കോര്‍ബിന്‍ ബോഷ് നാലും ജോര്‍ജ് ലിന്‍ഡെ മൂന്നും ലിസാര്‍ഡ് വില്യംസ് രണ്ടും വിക്കറ്റെടുത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍