Chris Woakes: തോളിന് പരിക്കാണ്, എന്നാൽ ആവശ്യമെങ്കിൽ വോക്സ് ബാറ്റിംഗിനിറങ്ങും, സൂചന നൽകി ജോ റൂട്ട്

അഭിറാം മനോഹർ

തിങ്കള്‍, 4 ഓഗസ്റ്റ് 2025 (08:24 IST)
Chris Woakes
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ഏറ്റവും ആവേശകരമായ നിമിഷം ഏതെന്ന് ചോദിച്ചാല്‍ അത് കാലിനേറ്റ പരിക്ക് വകവെയ്ക്കാതെ റിഷഭ് പന്ത് ഇന്ത്യയ്ക്കായി ബാറ്റിങ്ങിനിറങ്ങിയ കാര്യമായിരിക്കും. പരമ്പരയില്‍ ഇന്ത്യയുടെ പോരാട്ടവീര്യം ഉയര്‍ത്താന്‍ ഈ സംഭവം കാരണമായിരുന്നു. നിലവില്‍ പരമ്പരയിലെ അവസാന മത്സരം ഓവലില്‍ നടക്കുമ്പോള്‍ 4 വിക്കറ്റുകള്‍ കയ്യില്‍ നില്‍ക്കെ 35 റണ്‍സാണ് ഇംഗ്ലണ്ടിന് വിജയിക്കാനായി ആവശ്യമുള്ളത്. 301 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് 337 റണ്‍സിന് 6 വിക്കറ്റെന്ന നിലയില്‍ ഇംഗ്ലണ്ട് തകര്‍ന്നത്.
 
 നേരത്തെ 106 റണ്‍സിന് 3 വിക്കറ്റെന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിനെ ഹാരി ബ്രൂക്കും(111), ജോ റൂട്ടും (105) ചേര്‍ന്ന് വിജയത്തിന് തൊട്ടരികെ എത്തിച്ചിരുന്നു. എന്നാല്‍ ബ്രൂക്കിന് പിന്നാലെ റൂട്ടും പുറത്തായതോടെ ഇംഗ്ലണ്ട് പെട്ടെന്ന് പ്രതിസന്ധിയിലായി. മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ ക്രിസ് വോക്‌സ് ബാറ്റിങ്ങിനിറങ്ങാന്‍ സാധ്യതയില്ലാത്ത ഘട്ടത്തില്‍ 35 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ വിജയിക്കാമെന്ന നിലയിലായിരുന്നു ടീം ഇന്ത്യ.
 
 എന്നാല്‍ ആവശ്യമെങ്കില്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് പാഡണിയുമെന്നാണ് നാലാം ദിവസത്തെ മത്സരത്തിന് ശേഷം ഇംഗ്ലണ്ട് താരമായ ജോ റൂട്ട് വ്യക്തമാക്കിയത്. പരമ്പരയില്‍ കാലിന് പരിക്കേറ്റിട്ടും ബാറ്റ് ചെയ്ത ഇന്ത്യന്‍ താരം റിഷഭ് പന്തിന്റെ പോരാട്ടവീര്യത്തോടാണ് വോക്‌സിന്റെ നിശ്ചയദാര്‍ഡ്യത്തെയും റൂട്ട് താരതമ്യം ചെയ്തത്.
 

Huge Respect to Chris Woakes who is ready to come out to bat with Dislocated Shoulder if England require him. He is a great team man. pic.twitter.com/5uW6OmUid4

— Aryan Goel (@Aryan42832Goel) August 3, 2025
 അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ദിവസം ഫീല്‍ഡിങ്ങിനിടെയാണ് വോക്‌സിന്റെ ഇടത് തോളെല്ലിന് പരിക്കേറ്റത്. തുടര്‍ന്ന് മത്സരത്തില്‍ പന്തെറിയാന്‍ വോക്‌സിന് സാധിച്ചിരുന്നില്ല. എന്നിരുന്നാലും ആവശ്യമെങ്കില്‍ ബാറ്റിങ്ങിനായി വോക്‌സ് ക്രീസിലെത്തുമെന്നും പന്തിനെ പോലെ ടീമിനായി എല്ലാം നല്‍കാന്‍ തയ്യാറുള്ള കളിക്കാരനാണ് വോക്‌സെന്നും റൂട്ട് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍