ഏഷ്യാകപ്പിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 8 റണ്‍സിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ ബംഗ്ലാദേശ് മുന്നോട്ട് വെച്ച 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് 20 ഓവറില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 3 വിക്കറ്റ് നേടിയ മുസ്തഫിസുര്‍ റഹ്‌മാന്‍, 2 വിക്കറ്റ് വീതം വീഴ്ത്തിയ നസും അഹമ്മദ്, റിഷാദ് ഹുസൈന്‍,ടസ്‌കിന്‍ അഹമ്മദ് എന്നിവരാണ് അഫ്ഗാനെ തകര്‍ത്തത്. 31 പന്തില്‍ 35 റണ്‍സുമായി റഹ്‌മാനുള്ള ഗുര്‍ബാസും 16 പന്തില്‍ 39 റണ്‍സുമായി അസ്മതുള്ള ഒമര്‍സായിയും മാത്രമാണ് അഫ്ഗാന്‍ നിരയില്‍ തിളങ്ങിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ അര്‍ധസെഞ്ചുറിയോടെ മികച്ച പ്രകടനം നടത്തിയ തന്‍സിദ് ഹസനാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 31 പന്തില്‍ 52 റണ്‍സാണ് താരം നേടിയത്. 2 വിക്കറ്റ് വീതം നേടിയ റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവരാണ് ബംഗ്ലാദേശിനെ ചെറിയ സ്‌കോറിലൊതുക്കിയത്. നേരത്തെ ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കയോട് പരാജയപ്പെട്ട ബംഗ്ലാദേശിന് സൂപ്പര്‍ 4 പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്നത്തെ വിജയം ആവശ്യമായിരുന്നു. ഇതോടെ ശ്രീലങ്കക്കെതിരായ പോരാട്ടം അഫ്ഗാന് നിര്‍ണായകമായി.