ക്രിക്കറ്റിലേക്ക് രാഷ്ട്രീയം വലിച്ചിഴയ്ക്കരുത്, സൂര്യകുമാറിന്റെ പഹല്‍ഗാം പരാമര്‍ശത്തിന് താക്കീത്, റൗഫും ഫര്‍ഹാനും ഇന്ന് ഹാജരാകും
 
ഇന്ത്യ- പാക് മത്സരത്തിനിടെയുണ്ടായ സംഭവങ്ങളില്‍ ബിസിസിഐയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും പരാതികളുമായി രംഗത്തെത്തിയതില്‍ പാക് താരങ്ങളായ ഹാരിസ് റൗഫിനോടും സാഹിബ് സാദ ഫര്‍ഹാനോടും വിശദീകരണമാവശ്യപ്പെട്ട് ഐസിസി. മത്സരത്തിനിടെ പാക് താരങ്ങള്‍ നടത്തിയ പ്രകോപനപരമായ ആംഗ്യങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും എതിരെയാണ് ബിസിസിഐ ഐസിസിയെ സമീപിച്ചത്. അതേസമയം ഇന്ത്യന്‍ നായകന്‍ സൂര്യകുമാറിനെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡും പരാതി നല്‍കിയിട്ടുണ്ട്.
 
									
				
	 
	2022ലെ ടി20 ലോകകപ്പില്‍ റൗഫിനെതിരെ ഇന്ത്യയുടെ വിരാട് കോലി സിക്‌സറടിച്ചത് ഓര്‍മിപ്പിച്ച് കാണികള്‍ കോലി ചാന്റുകള്‍ ഉയര്‍ത്തിയതോടെ വിമാനം വീഴുന്നതും 6-0 എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചുമാണ് റൗഫ് മറുപടി നല്‍കിയത്. അതേസമയം അര്‍ധസെഞ്ചുറി നേടിയ ശേഷം ബാറ്റ് തോക്കാക്കി വെടിയുതിര്‍ക്കുന്നത് പോലെ ആഘോഷിക്കുകയാണ് ഫര്‍ഹാന്‍ ചെയ്തത്. ഈ 2 കാര്യങ്ങള്‍ക്കും വിശദീകരണം നല്‍കാനാണ് ഐസിസി മാച്ച് റഫറി ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ശിക്ഷയുണ്ടാകും.
 
									
				
	 
	അതേസമയം ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യമത്സരത്തില്‍ പാകിസ്ഥാനെതിരെ വിജയിച്ച ശേഷം ഇന്ത്യയുടെ വിജയം പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ഇന്ത്യന്‍ സേനയ്ക്കുമായി സമര്‍പ്പിക്കുന്നതായി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. ഇതില്‍ ഇന്നലെ ഐസിസി മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്‌സണ് മുന്നില്‍ സൂര്യ ഹാജരായി വിശദീകരണം നല്‍കി. രാഷ്ട്രീയ പ്രസ്താവനകളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ മാച്ച് റഫറി ആവശ്യപ്പെട്ടിട്ടുണ്ട്.