ആദ്യ റൺ പൂർത്തിയാക്കും മുൻപ് അടുത്ത റണ്ണിനോടി പാക് താരം,മണ്ടനാണോ?, നിർത്തിപൊരിച്ച് ആരാധകർ

അഭിറാം മനോഹർ

വെള്ളി, 26 സെപ്‌റ്റംബര്‍ 2025 (13:12 IST)
ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരായ ലോ സ്‌കോര്‍ ത്രില്ലര്‍ ആവേശകരമായ വിജയം സ്വന്തമാക്കി ഫൈനലിലെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 55-5 എന്ന നിലയില്‍ കൂപ്പുകുത്തിയപ്പോള്‍ അവസാന 8 ഓവറില്‍ 80 റണ്‍സ് നേടി ടീമിനെ മികച്ച സ്‌കോറിലെത്തിച്ചത് അവസാന ഓവറുകളില്‍ മുഹമ്മദ് ഹാരിസ്, ഷഹീന്‍ അഫ്രീദി,മുഹമ്മദ് നവാസ് എന്നിവര്‍ നടത്തിയ പ്രകടനങ്ങളായിരുന്നു.
 
മത്സരത്തില്‍ 23 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സുമായി മുഹമ്മദ് ഹാരിസ് ടീമിന്റെ ടോപ് സ്‌കോറര്‍ ആയെങ്കിലും ബാറ്റിങ്ങിനിടെ ഹാരിസിന് സംഭവിച്ച വലിയ അബദ്ധമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ആദ്യ റണ്‍ പൂര്‍ത്തിയാക്കും മുന്‍പെ തന്നെ രണ്ടാം റണ്ണിനായി ഹാരിസ് ഓടിയതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.
 

Pakistan cricket brain fade at his best
.
.
. #pakvsban #PakistanCricket #Mohammedharris pic.twitter.com/t9FkwKsxyP

— Prakash jha (@prakash08075298) September 25, 2025
മത്സരത്തിലെ പത്താം ഓവറില്‍ മെഹ്ദി ഹസന്റെ പന്ത് സല്‍മാന്‍ അലി ആഘ ലോംഗ് ഓണിലേക്ക് അടിച്ച് സിംഗിളിനായി ഓടുകയായിരുന്നു. സ്‌ട്രൈക്കിങ് എന്‍ഡിലെത്തിയ ഹാരിസ് ബാറ്റ് ക്രീസില്‍ കുത്താതെ സല്‍മാന്‍ ആഘയുടെ രണ്ടാം റണ്ണിനായുള്ള ക്ഷണം നിരസിച്ചു. എന്നാല്‍ ഫീല്‍ഡര്‍ റിഷാദ് ഹൊസൈന്റെ കയ്യില്‍ നിന്നും പന്ത് വഴുതിയതോടെ സല്‍മാന്‍ ആഘ രണ്ടാം റണ്ണിനായി ഓടി. എന്നാല്‍ ആദ്യ റണ്ണിന് ബാറ്റ് ക്രീസില്‍ കുത്താതിരുന്നത് കൊണ്ട് ഒരു റണ്‍സ് മാത്രമാണ് പാകിസ്ഥാന് ലഭിച്ചത്.
 
വ്യാപകമായ വിമര്‍ശനമാണ് ഹാരിസിന്റെ അശ്രദ്ധക്കെതിരെ ആരാധകര്‍ ഉയര്‍ത്തുന്നത്. പാക് ബാറ്ററെ പരിഹസിച്ചും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശ് ഇന്നിങ്ങ്‌സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സിലൊതുങ്ങി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍