ഏഷ്യാകപ്പിലെ ആവേശകരമായ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ പാകിസ്ഥാന്‍ ടീമിന് മുന്നില്‍ വികാരാധീനരായി പാക് ആരാധകര്‍. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ 11 റണ്‍സിനാണ് പാകിസ്ഥാന്‍ വീഴ്ത്തിയത്. മത്സരത്തില്‍ 3 വിക്കറ്റുകളുമായി പാകിസ്ഥാന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച പാക് പേസര്‍ ഹാരിസ് റൗദിന് മുന്നില്‍ വികാരാധീനനായി സംസാരിക്കുന്ന ആരാധകന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
മത്സരശേഷം പാക് ആരാധകര്‍ക്ക് അരികെ കൈകൊടുക്കാന്‍ എത്തിയപ്പോഴാണ് ഒരു പാക് ആരാധകന്‍ വികാരാധീനനായി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. ആരാധകനെ കൈവിടാതെ മുഴുവന്‍ ആവശ്യവും കേട്ടതിന് ശേഷം ആരാധകന് ഫ്‌ലെയിങ് കിസ്സും കൊടുത്താണ് ഹാരിസ് റൗഫ് മടങ്ങിയത്. മത്സരത്തില്‍ നാലോവറില്‍ 33 റണ്‍സ് വഴങ്ങി 3 വിക്കറ്റുകളാണ് താരം നേടിയത്.
നേരത്തെ ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ കോലി ചാന്റ് ഉയര്‍ത്തി ഇന്ത്യന്‍ ആരാധകര്‍ പ്രകോപിച്ചപ്പോള്‍ 6-0 എന്ന് കൈകൊണ്ട് ആംഗ്യം കാട്ടി ഹാരിസ് റൗഫ് വിവാദങ്ങളില്‍ പെട്ടിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടുവെന്നാണ് ഹാരിസ് റൗഫ് ഇതിലൂടെ അറിയിച്ചത്. സംഭവത്തില്‍ ഇന്ത്യ ഐസിസിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.