Health Tips: പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?

നിഹാരിക കെ.എസ്

വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (10:59 IST)
തിരക്കുപിടിച്ച ജീവിതത്തിൽ നമ്മുടെ ദിനചര്യകൾ കുറച്ച് കൂടി എളുപ്പത്തിലാക്കാൻ കഴിയുന്ന മോഡേൺ ഫെസിലിറ്റികൾ ഇപ്പോഴുണ്ട്. അതിലൊന്നാണ് ഫ്രിഡ്ജ് എന്ന് വേണമെങ്കിൽ പറയാം. തലേന്നുണ്ടാക്കിയ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ വെച്ച് രാവിലെ ചൂടാക്കി കഴിച്ച് ദിവസം തുടങ്ങുന്നവരുണ്ട്. 
 
തിരക്കിനിടെ രാവിലെ കഴിക്കാന്‍ വിട്ടു പോയ പുഴുങ്ങിയ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം വൈകുന്നേരം കഴിക്കുന്ന ശീലം ഉള്ളവരുമുണ്ട്. ഇത് ആരോഗ്യകരമാണോ എന്ന സംശയം പലരിലും ഉള്ളതാണ്. പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ എന്നത് പലരുടെയും സംശയമാണ്. 
 
ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഈ ശീലം ചിലപ്പോള്‍ പണി തരാം. സാധാരണ താപനിലയില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ പുഴുങ്ങിയ മുട്ട സൂക്ഷിക്കരുതെന്നാണ് ഡോക്ടർമാർ പറയാറ്. എന്നാല്‍ കേരളം പോലെ 32 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനിലയുള്ള പ്രദേശങ്ങളില്‍ ഇത് ഒരു മണിക്കൂറായി ചുരുങ്ങും.
 
പുഴുങ്ങുമ്പോള്‍ മുട്ടയുടെ പുറംതോടിനെ സംരക്ഷിക്കുന്ന പാളി നീക്കം ചെയ്യപ്പെടുന്നു. ഇത് ബാക്ടീരിയ ബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു. നാല് മുതല്‍ 60 വരെയുള്ള ഡിഗ്രി സെല്‍ഷ്യസില്‍ പുഴുങ്ങിയ മുട്ട സൂക്ഷിക്കുന്നത് ബാക്ടീരിയ പെരുകാനും ഇത് ഭക്ഷ്യ വിഷബാധയിലേക്ക് നയിക്കാം.
 
പുഴുങ്ങിയ മുട്ട രണ്ട് മണിക്കൂറിനുള്ളില്‍ ഫ്രിഡ്ജിലേക്ക് മാറ്റണം. ഈര്‍പ്പം തട്ടാതെയും മറ്റ് ഭക്ഷണങ്ങളുടെ ഗന്ധം കലരാതിരിക്കാനും എയര്‍ടൈറ്റ് ആയ പാത്രത്തില്‍ അടച്ചു സൂക്ഷിക്കുന്നതാണ് നല്ലത്. കൂടാതെ ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ മുട്ടയുടെ തൊലി നീക്കം ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. മുട്ട ഫ്രീസറില്‍ വെയ്ക്കുന്നതും ഒഴിവാക്കണം. ഇത് മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും റബര്‍ പോലെ കട്ടിയുള്ളതാക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍