Ashwani Kumar:പഞ്ചാബ് കിങ്ങ്സിൽ വെറുതെ ഇരുന്ന താരത്തെ 30 ലക്ഷത്തിന് റാഞ്ചി, വിഗ്നേഷിനെ പോലെ മുംബൈ കണ്ടെടുത്ത മറ്റൊരു മാണിക്യം,"അശ്വിനി കുമാർ"

അഭിറാം മനോഹർ

ചൊവ്വ, 1 ഏപ്രില്‍ 2025 (13:28 IST)
ഐപിഎല്ലില്‍ ഓരോ മത്സരം കഴിയുമ്പോഴും ആവനാഴിയിലെ ഓരോ പുതിയ ആയുധവും പരീക്ഷിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. മിച്ചല്‍ സാന്റനര്‍ എന്ന താരമല്ലാതെ കാര്യമായ സ്പിന്‍ ബലമില്ലാതിരുന്ന മുംബൈ തങ്ങളുടെ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ശക്തിപകര്‍ന്നത് കേരളത്തില്‍ ക്ലബ് ക്രിക്കറ്റ് കളിച്ച് നടന്ന ഒരു 24നെ വളര്‍ത്തിയെടുത്താണ്. ഇപ്പോഴിതാ ബുമ്രയുടെ അഭാവത്തില്‍ പേസ് ഡിപ്പാര്‍ട്ട്‌മെന്റിന് കരുത്ത് പകരാന്‍ ഒരു 23കാരനെ കൂടി രംഗത്തേക്ക് കൊണ്ടുവന്നിരിക്കുകയാണ് മുംബൈ.
 
 കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്‌സിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ 4 വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് അശ്വിനി കുമാര്‍ എറിഞ്ഞിട്ടത്. അജിങ്ക്യ രഹാനെ, റിങ്കു സിങ്ങ്, മനീഷ് പാണ്ഡെ, ആന്ദ്രെ റസല്‍ എന്നിവരാണ് അശ്വിനിയുടെ തീപ്പാറുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ പവലിയനിലേക്ക് മടങ്ങിയത്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ രഹാനയെ മടക്കിയാണ് അശ്വിനി കുമാര്‍ വരവറിയിച്ചത്. ഐപിഎല്‍ അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും അശ്വിനി കുമാര്‍ സ്വന്തമാക്കി.
 
 മൊഹാലിയില്‍ ജനിച്ച അശ്വിനി കുമാര്‍ ഷേര്‍- ഇ- പഞ്ചാബ് ടി20 ടൂര്‍ണമെന്റിലെ പ്രകടനത്തോടെയാണ് ആദ്യമായി വാര്‍ത്തകളില്‍ ഇടം നേടിയത്. ഡെത്ത് ഓവറുകളില്‍ അപകടം വിതയ്ക്കാനുള്ള അശ്വിനിയുടെ മികവാണ് താരത്തെ അപകടകാരിയാക്കി തീര്‍ക്കുന്നത്. എന്നാാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലടക്കം കാര്യമായി നേട്ടമുണ്ടാക്കാന്‍ അശ്വിനിക്ക് സാധിച്ചിരുന്നില്ല.
 
 എങ്കിലും കഴിവുകളെ തിരിച്ചറിയുന്നതില്‍ മുന്നില്‍ നിന്നിട്ടുള്ള മുംബൈ ഇന്ത്യന്‍സ് താരലേലത്തില്‍ 30 ലക്ഷം മുടക്കി താരത്തെ ക്യാമ്പിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്ങ്‌സിന്റെ ഭാഗമായിരുന്നുവെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ താരത്തിനായിരുന്നില്ല. ഡെത്ത് ഓവറുകളില്‍ അപകടം വിതയ്ക്കുന്നതിലാണ് താരം ആഭ്യന്തര ക്രിക്കറ്റില്‍ പ്രശസ്തനായതെങ്കിലും കൊല്‍ക്കത്തക്കെതിരായ മത്സരത്തിലെ നാലാം ഓവറില്‍ തന്നെ അശ്വിനി കുമാര്‍ ബൗളിങ്ങിനെത്തി.
 
ആദ്യപന്തില്‍ തന്നെ കൊല്‍ക്കത്ത നായകന്‍ അജിങ്ക്യ രഹാനയെ പുറത്താക്കി വരവറിയിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം പതിനൊന്നാം ഓവറില്‍ പന്തെറിയാനെത്തിയ അശ്വിനി കുമാര്‍ ആ ഓവറില്‍ 2 വിക്കറ്റുകളാണ് വീഴ്ത്തിയത്. അപകടകാരിയായ റിങ്കു സിങ്ങിനെയും പരിചയസമ്പന്നനായ നിതീഷ് പാണ്ഡെയെയും താരം മടക്കി. തന്റെ മൂന്നാം ഓവറില്‍ ആന്ദ്രെ റസ്സലിനെയും മടക്കി 4 വിക്കറ്റുകളാണ് മത്സരത്തില്‍ താരം നേടിയത്. 5 വിക്കറ്റ് നേട്ടം സ്വന്തമാക്കാന്‍ ഒരു ഓവര്‍ കൂടി ബാക്കിയുണ്ടായിരുന്നെങ്കിലും അതിന് മുന്‍പ് തന്നെ കൊല്‍ക്കത്ത ഓള്‍ ഔട്ടാവുകയായിരുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍