SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

അഭിറാം മനോഹർ

ഞായര്‍, 23 മാര്‍ച്ച് 2025 (11:52 IST)
ഐപിഎല്‍ പതിനെട്ടാം സീസണിലെ രണ്ടാം മത്സരത്തില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. കഴിഞ്ഞ ഐപിഎല്ലിലെ റണ്ണേഴ്‌സ് അപ്പായ ഹൈദാരാബാദ് ഇക്കുറി കരുത്തുറ്റ നിരയുമായാണ് എത്തുന്നത്. ട്രാവിസ് ഹെഡ്, ഹെന്റിച്ച് ക്ലാസന്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയെ പ്രതിരോധിക്കാന്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഹൈദരാബാദില്‍ ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് മത്സരം തുടങ്ങുക.
 
കൈവിരലിനേറ്റ പരിക്ക് പൂര്‍ണമായും മാറാത്തതിനാല്‍ ബാറ്റര്‍ എന്ന നിലയില്‍ മാത്രമാകും സഞ്ജു ആദ്യ 3 മത്സരങ്ങളില്‍ രാജസ്ഥാനായി കളിക്കുക. ഇമ്പാക്ട് പ്ലെയറായാകും താരം ഇറങ്ങുക. ആദ്യ 6 സ്ഥാനങ്ങളില്‍ 5 പേരും ഇന്ത്യന്‍ താരങ്ങളാണ് എന്നത് രാജസ്ഥാന്റെ കരുത്താണെങ്കിലും ബാറ്റര്‍മാര്‍ക്ക് പരിക്ക് പറ്റിയാല്‍ ആ വിടവ് നികത്താന്‍ കഴിവുള്ള താരങ്ങള്‍ ഇത്തവണ രാജസ്ഥാന്‍ നിരയിലില്ല. ബട്ട്ലര്‍, ട്രെന്‍ഡ് ബോള്‍ട്ട് എന്നീ താരങ്ങളുടെ അഭാവവും രാജസ്ഥാന് തിരിച്ചടിയായേക്കും.
 
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് കരുത്ത് കൂട്ടുന്ന ഘടകം. പേസ് ബൗളിംഗില്‍ ആര്‍ച്ചര്‍ക്കൊപ്പം സന്ദീപ് ശര്‍മ, ആകാശ് മധ്വാള്‍,തുഷാര്‍ ദേശ്പാണ്ഡെ, ഫസല്‍ ഹഖ് ഫാറൂഖി എന്നിവര്‍ രാജസ്ഥാനൊപ്പമുണ്ട്. അതേസമയം മുഹമ്മദ് ഷമിയും പാറ്റ് കമ്മിന്‍സും ഹര്‍ഷന്‍ പട്ടേലുമടങ്ങുന്ന കരുത്തുറ്റ ബൗളിംഗ് നിരയാണ് ഹൈദരാബാദിനുള്ളത്. ആദം സാമ്പ, അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ് അടങ്ങുന്ന സ്പിന്‍ വൈവിധ്യവും ഹൈദരാബാദിന് കരുത്ത് പകരും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍