ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി ലഖ്‌നൗ നായകനായ റിഷഭ് പന്ത്. താരലേലത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരമായി മാറിയ പന്ത് പന്തുകള്‍ നേരിട്ട് റണ്‍സൊന്നും നേടാതെയാണ് മടങ്ങിയത്. ഇതോടെ വലിയ ട്രോളുകളാണ് താരത്തിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗവിന് മികച്ച തുടക്കമാണ് മിച്ച് മാര്‍ഷും നിക്കോളാസ് പുറാനും ചേര്‍ന്ന് നല്‍കിയത്.
മിച്ചല്‍ മാര്‍ഷ് പുറത്തായതോടെയാണ് നാലാമനായി റിഷഭ് പന്ത് ക്രീസിലെത്തിയത്. നിലവില്‍ ഇന്ത്യയുടെ ടി20 പ്ലാനില്‍ ഇല്ലാത്ത താരം എന്ന നിലയിലും ഈ ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമെന്ന നിലയിലും ഏറെ ആകാംക്ഷയോടെയാണ് ആരാധകർ പന്തിൻ്റെ പ്രകടനത്തെ നോക്കിയിരുന്നത്. എന്നാല്‍ നേരിട്ട അഞ്ച് പന്തുകളിലും റണ്‍സൊന്നും നേടാനാവാതെ ആറാം പന്തില്‍ ഫാഫ് ഡുപ്ലെസിസിന് ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്. ഇതോടെ 27 കോടിയ്ക്ക് അഞ്ച് മരം സംഭാവന ചെയ്യാന്‍ ഗോയങ്കയ്ക്ക് സാധിച്ചെന്ന തരത്തിലുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന് ലഭിക്കുന്നത്.