ഒഴിവാക്കപ്പെടതിൽ സഞ്ജു നിരാശനാകേണ്ട, പന്തിനെ പോലെ ഒരു ഗെയിം ചെയ്ഞ്ചറോടാണ് അവൻ മത്സരിച്ചത്: ഗവാസ്കർ

അഭിറാം മനോഹർ

ഞായര്‍, 19 ജനുവരി 2025 (16:12 IST)
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഒഴിവാക്കി റിഷബ് പന്തിനെ തിരെഞ്ഞെടുത്ത തീരുമാനത്തെ ന്യായീകരിച്ച് ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലടക്കം മികച്ച പ്രകടനങ്ങള്‍ നടത്തിയ സഞ്ജു തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. കാര്യങ്ങള്‍ ഇങ്ങനെയെല്ലാമാണെങ്കിലും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ താരത്തിന് ഇടം നേടാനായിരുന്നില്ല.
 
 സഞ്ജുവിനെ ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ സെഞ്ചുറികള്‍ ഉള്‍പ്പടെ മിന്നുന്ന പ്രകടനങ്ങളാണ് സഞ്ജു പുറത്തെടുത്തത്. അതുകൊണ്ട് തന്നെ അവനെ ഒഴിവാക്കിയതില്‍ യാതൊരു ന്യായവും പറയാനില്ല. റിഷഭ് പന്തിനെ പോലൊരു ഗെയിം ചെയ്ഞ്ചറോടാണ് സഞ്ജു മത്സരിച്ചത്. ഏകദിനങ്ങളില്‍ ഗെയിം ചേയ്ഞ്ചറാകാന്‍ കഴിവുള്ള താരമാണ് പന്ത്. മാത്രമല്ല പന്ത് ഇടം കയ്യന്‍ ബാറ്ററും സഞ്ജുവിനേക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ കൂടിയാണ്. പക്ഷേ സഞ്ജുവിനേക്കാള്‍ മികച്ച ബാറ്ററെന്ന് പറയാനാകില്ല.
 
 എന്നാലും സഞ്ജുവിനേക്കാള്‍ കുറച്ച് കൂടി നല്ല രീതിയില്‍ മത്സരത്തെ മാറ്റിമറിക്കാനുള്ള കഴിവ് പന്തിനുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഈ ഒഴിവാക്കലില്‍ സഞ്ജു ഒരിക്കലും നിരാശപ്പെടേണ്ടതില്ല. കാരണം ഒരുപാട് ക്രിക്കറ്റ് പ്രേമികള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നുണ്ട്. ഗവാസ്‌കര്‍ പറഞ്ഞു. 2023 ഡിസംബറിലാണ് സഞ്ജു ഇന്ത്യയ്ക്കായി അവസാനമായി ഒരു ഏകദിനമത്സരത്തില്‍ അഭിനയിച്ചത്. അന്ന് 114 പന്തില്‍ 108 റണ്‍സുമായി സഞ്ജു തിളങ്ങിയിരുന്നു. എന്നാല്‍ ഇതിന് ശേഷം ഏകദിന ടീമിലേക്ക് സഞ്ജുവിന് വിളിയെത്തിയിട്ടില്ല

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍