South Africa vs England, T20 World Cup 2024: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക. ഏഴ് റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 156 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.
അവസാന രണ്ട് ഓവറില്‍ 21 റണ്‍സ് മാത്രമായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി മാര്‍ക്കോ യാന്‍സന്‍ എറിഞ്ഞ 19-ാം ഓവര്‍ ഇംഗ്ലണ്ടിന്റെ ജയപ്രതീക്ഷകള്‍ അകലെയാക്കി. അവസാന ഓവറില്‍ 14 റണ്‍സ് ആയിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 20-ാം ഓവര്‍ എറിഞ്ഞ അന്‍ റിച്ച് നോര്‍ക്കിയ ആദ്യ പന്തില്‍ തന്നെ അപകടകാരിയായ ഹാരി ബ്രൂക്കിനെ പുറത്താക്കി. തുടര്‍ന്നുള്ള അഞ്ച് പന്തുകളില്‍ വിട്ടുകൊടുത്തത് വെറും ആറ് റണ്‍സ് മാത്രം. 37 പന്തില്‍ 53 റണ്‍സ് നേടിയ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ലിയാം ലിവിങ്സ്റ്റണ്‍ 17 പന്തില്‍ 33 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കഗിസോ റബാഡയും കേശവ് മഹാരാജും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ അര്‍ധ സെഞ്ചുറി മികവിലാണ് ദക്ഷിണാഫ്രിക്ക 163 റണ്‍സെടുത്തത്. 38 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 65 റണ്‍സ് നേടിയ ഡി കോക്കാണ് കളിയിലെ താരം. ഡേവിഡ് മില്ലര്‍ 28 പന്തില്‍ 43 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
സൂപ്പര്‍ എട്ടിലെ രണ്ട് മത്സരങ്ങള്‍ വീതം കഴിയുമ്പോള്‍ രണ്ട് ജയവുമായി ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഒരു ജയവും ഒരു തോല്‍വിയുമായി വെസ്റ്റ് ഇന്‍ഡീസ് രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തും. ആതിഥേയരായ യുഎസ്എ സെമി കാണാതെ പുറത്തായി.