സെമിയിൽ കണ്ണുവെച്ച് ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും, ലോകകപ്പിൽ ഇന്ന് തീ പാറുന്ന പോരാട്ടം

അഭിറാം മനോഹർ

വെള്ളി, 21 ജൂണ്‍ 2024 (16:46 IST)
England VS SA
ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ന് വമ്പന്മാര്‍ തമ്മിലുള്ള പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി എട്ടിന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റുമുട്ടുന്നത്. വെസ്റ്റിന്‍ഡീസിലെ സെന്റ് ലൂസിയയിലെ ഡാരന്‍ സമി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരം വിജയിച്ച ഇരുടീമുകളും സെമി ഫൈനലില്‍ കണ്ണുവെച്ചാണ് ഇന്നിറങ്ങുന്നത്.
 
ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടിലെത്തിയത്. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ വിജയിക്കാനായെങ്കിലും പ്രോട്ടീസിനെ വെള്ളം കുടിപ്പിച്ചാണ് അമേരിക്കന്‍ സംഘം അടിയറവ് പറഞ്ഞത്. ബാറ്റിംഗില്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് ഫോമിലേക്കുയര്‍ന്നതാണ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം നല്‍കുന്നത്.
 
 അതേസമയം ഗ്രൂപ്പ് ഘട്ടത്തില്‍ ഓസീസിനോട് പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുമെന്ന ഭീഷണി നേരിട്ടതിന് ശേഷം സൂപ്പര്‍ എട്ടില്‍ വെസ്റ്റിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ നില്‍പ്പ്. കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടാനായ ആധികാരിക വിജയം ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് ഉറപ്പാണ്. നായകന്‍ ജോസ് ബട്ട്ലറും മോയിന്‍ അലിയും കൂടെ ഫോമിലെത്തിയാല്‍ ഈ ലോകകപ്പില്‍ ഏറ്റവും സാധ്യതയുള്ള സംഘമായി ഇംഗ്ലണ്ട് മാറും. കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തിയ വേദിയിലാണ് മത്സരമെന്നതും ഇംഗ്ലണ്ടിന് അനുകൂലഘടകമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍