Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

അഭിറാം മനോഹർ

ചൊവ്വ, 29 ഏപ്രില്‍ 2025 (15:00 IST)
ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് കാര്‍ലോ ആഞ്ചലോട്ടി എത്തുന്നതായി സൂചന. റയല്‍ മാഡ്രിഡ് പരിശീലകനായ കാര്‍ലോ ആഞ്ചലോട്ടി ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനാകാന്‍ സമ്മതിച്ചതായി സ്പാനിഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റയലുമായി ഒരു വര്‍ഷത്തെ കൂടി കരാര്‍ ശേഷിക്കെയാണ് ആഞ്ചലോട്ടിയുടെ നീക്കം.
 
 ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഴ്‌സണലിനോടും കോപ്പ ഡെല്‍ റെ ഫൈനലില്‍ ബാഴ്‌സലോണയോടും തോറ്റതിന് പിന്നാലെ ആഞ്ചലോട്ടി ക്ലബ് വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ റയല്‍ മാഡ്രിഡ് താരവും ബയണ്‍ ലെവര്‍കൂസന്‍ പരിശീലകനുമായ സാബി അലന്‍സോ ആകും പുതിയ റയല്‍ മാഡ്രിഡ് കോച്ചായി എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
 ജൂണില്‍ ആരംഭിക്കുന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായാകും ആഞ്ചലോട്ടി ബ്രസീല്‍ ടീം പരിശീലകസ്ഥാനം ഏറ്റെടുക്കുക. നിലവില്‍ ദക്ഷിണ അമേരിക്കന്‍ യോഗ്യത പട്ടികയില്‍ നാലാം സ്ഥാനത്താണ് ബ്രസീല്‍. മാര്‍ച്ചില്‍ അര്‍ജന്റീനയോട് 4-1ന് തോറ്റതിന് ശേഷം ബ്രസീല്‍ പരിശീലകനായ ഡൊറിവല്‍ ജൂനിയറെ പുറത്താക്കിയിരുന്നു. നിലവില്‍ ബ്രസീലിയന്‍ താരങ്ങളായ റോഡ്രിഗോ, എന്റിക്, വിനീഷ്യസ് ജൂനിയര്‍ തുടങ്ങിയ താരങ്ങള്‍ ആഞ്ചലോട്ടിയുടെ പരിശീലനത്തിന് കീഴില്‍ റയല്‍ മാഡ്രിഡിലുണ്ട്. ഇത് ബ്രസീലിയന്‍ പരിശീലകനെന്ന നിലയില്‍ ആഞ്ചലോട്ടിയുടെ ജോലി എളുപ്പമാക്കിയേക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍