റഫറിക്ക് നേരെ ഐസ് പാക്ക് എറിഞ്ഞ സംഭവം, റുഡിഗർക്ക് ഒരു വർഷം വരെ വിലക്ക് വന്നേക്കുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ

തിങ്കള്‍, 28 ഏപ്രില്‍ 2025 (19:44 IST)
ബാഴ്‌സലോണക്കെതിരായ കോപ്പ ഡെല്‍ റെ ടൂര്‍ണമെന്റ് ഫൈനലില്‍ റഫറിക്ക് നേരെ ഐസ് പാക്ക് എറിഞ്ഞ സംഭവത്തില്‍ റയല്‍ മാഡ്രിഡ് പ്രതിരോധനിര താരം ആന്റോണിയോ റുഡിഗര്‍ക്കെതിരെ കടുത്ത അച്ചടക്കനടപടികള്‍ക്ക് സാധ്യത. നാല് മുതല്‍ 11 വരെ മത്സരങ്ങളില്‍ നിന്നും റുഡിഗറെ വിലക്കിയേക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നത്. കോപ്പ ഡെല്‍ റെ ഫൈനലിന്റെ അവസാന മിനിറ്റുകളിലാണ് മൈതാനത്ത് നാടകീയമായ സംഭവങ്ങളുണ്ടായത്. ഇതിനെ തുടര്‍ന്ന് മൂന്ന് റയല്‍ മാഡ്രിഡ് താരങ്ങള്‍ക്ക് റെഡ് കാര്‍ഡ് ലഭിച്ചിരുന്നു.
 
 മത്സരത്തിന്റെ നിശ്ചിതസമയത്ത് സ്‌കോര്‍ 2-2 എന്ന നിലയിലായതോടെ ഫൈനല്‍ എക്‌സ്ട്രാ ടൈമിലേക്ക് കടന്നിരുന്നു. എക്‌സ്ട്രാ ടൈം അവസാനിക്കാന്‍ വെറും 4 മിനിറ്റ് ബാക്കിനില്‍ക്കെ മത്സരത്തിന്റെ 116മത്തെ മിനിറ്റില്‍ കുണ്ടെ ഗോള്‍ നേടിയതോടെയാണ് ബാഴ്‌സലോണ കിരീടം സ്വന്തമാക്കിയത്. ബാഴ്‌സയുടെ വിജയഗോള്‍ വന്നതിന് ശേഷമായിരുന്നു സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ട് ഡഗൗട്ടിലിരുന്ന ആന്റോണിയോ റുഡിഗര്‍ റഫറിക്കെതിരെ തിരിഞ്ഞത്. അധികസമയം അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് എംബാപ്പെക്ക് നേരെയുണ്ടായ ഫൗളിനെ തുടര്‍ന്നായിരുന്നു റുഡിഗര്‍ നിയന്ത്രണം വിട്ട് റഫറിക്ക് നേരെ ഐസ് പാക്ക് വലിച്ചെറിഞ്ഞത്. തുടര്‍ന്ന് സഹതാരങ്ങളും കോച്ചിങ്ങ് സ്റ്റാഫും ചേര്‍ന്നാണ് റുഡിഗറെ പിടിച്ച് നീക്കിയത്. റുഡിഗറിനൊപ്പം ചേര്‍ന്ന ജൂഡ് ബെല്ലിങ്ങാം, വാസ്‌ക്വസ് എന്നിവര്‍ക്കും സംഭവത്തില്‍ റെഡ് കാര്‍ഡ് ലഭിച്ചു.
 
 മോശം പെരുമാറ്റത്തില്‍ ക്ഷമ ചോദിച്ച് സോഷ്യല്‍ മീഡിയയിലൂടെ റുഡിഗര്‍ ക്ഷാമാപണം നടത്തിയെങ്കിലും താരത്തിനെതിരെ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ കടുത്ത നടപടികളെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ട്. റഫറിമാര്‍ക്കെതിരായ അക്രമം ഗുരുതരമായ കുറ്റമാണ്. 4 മുതല്‍ 12 മത്സരങ്ങളില്‍ വിലക്കോ അപകടസാധ്യതയുള്ള ആക്രമണമാണെന്ന് കണ്ടെത്തിയാല്‍ 6 മാസം മുതല്‍ ഒരു വര്‍ഷം വരെ വിലക്കോ ആകും കളിക്കാര്‍ക്കെതിരെയുണ്ടാവുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍