Barcelona: ബാഴ്സയ്ക്ക് നൂറായിരം പ്രശ്നങ്ങളുണ്ടാകാം, പക്ഷേ റയൽ മാഡ്രിഡ് ഒരു പ്രശ്നമല്ല, കോപ്പ ഡേൽ റെ ഫൈനൽ ത്രില്ലറിൽ റയലിനെ തകർത്ത് ബാഴ്സലോണയ്ക്ക് കിരീടം

അഭിറാം മനോഹർ

ഞായര്‍, 27 ഏപ്രില്‍ 2025 (11:16 IST)
ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കിയ കോപ്പ ഡെല്‍ റെ എല്‍ ക്ലാസിക്കോ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ബാഴ്‌സലോണ. കളിയുടെ അവസാനനിമിഷം വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ രണ്ടിനെതിരെ 3 ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം. കോപ്പ ഡെല്‍ റെയില്‍ ബാഴ്‌സലോണയുടെ 32മത് കിരീടനേട്ടമാണിത്.  ഇന്ത്യന്‍ സമയം രാത്രി 1:30ന് സെവിയ്യയിലായിരുന്നു മത്സരം. സെമിഫൈനലില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ തകര്‍ത്താണ് ബാഴ്‌സ ഫൈനലിലേക്ക് മുന്നേറിയത്. റയല്‍ സോസിഡാസിനെ തകര്‍ത്തായിരുന്നു റയലിന്റെ ഫൈനല്‍ പ്രവേശനം.
 
 കളിക്ക് മുന്‍പ് തന്നെ വിവാദങ്ങള്‍ കൊണ്ടും ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ ആവേശം കൊണ്ടും ബാഴ്‌സ- റയല്‍ എല്‍ ക്ലാസിക്കോ ചര്‍ച്ചയായി മാറിയിരുന്നു. പ്രധാനതാരങ്ങളായ അലക്‌സാണ്ട്രോ ബാല്‍ഡെ, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി എന്നിവരുടെ അഭാവത്തിലായിരുന്നു റയലിനെതിരെ ബാഴ്‌സലോണ ഇറങ്ങിയത്. മത്സരം തുടങ്ങി ആദ്യപകുതിയില്‍ കൃത്യമായ ആധിപത്യം പുലര്‍ത്താന്‍ ബാഴ്‌സയ്ക്ക് സാധിച്ചു.
 
കൗമാരതാരമായ ലാമിന്‍ യമാല്‍ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത തകര്‍പ്പന്‍ ഷോട്ടിലൂടെ പെഡ്രിയാണ് ബാഴ്‌സയ്ക്കായി ആദ്യ ഗോള്‍ നേടുന്നത്. രണ്ടാം പകുതിയില്‍ കിലിയന്‍ എമ്പാപ്പെയെയും ആന്ദ്രേ ഗുള്ളറിനെയും പകരക്കാരാക്കി ഇറക്കിയതോടെയാണ് മത്സരം ആവേശകരമായി മാറിയത്. 70മത്തെ മിനിറ്റില്‍ ലഭിച്ച ഫ്രീക്കിക്കിലൂടെ കിലിയന്‍ എംബാപ്പെ റയലിന് സമനില നേടികൊടുത്തു. 7 മിനിറ്റുകള്‍ക്ക് ശേഷം ചൈമേനിയുടെ ഹെഡറിലൂടെ റയല്‍ മത്സരത്തില്‍ മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ മത്സരത്തിന്റെ 84മത്തെ മിനിറ്റില്‍ ലാമിന്‍ യമാലിന്റെ പാസില്‍ ഫെറാന്‍ ടോറസ് നേടിയ ഗോളോടെ ബാഴ്‌സ മത്സരത്തിലേക്ക് തിരിച്ചുവന്നു.
 
 മത്സരത്തിന്റെ എക്‌സ്ട്രാ ടൈമില്‍ റയലിന് മുകളില്‍ കൃത്യമായ ആധിപത്യം പുലര്‍ത്താന്‍ ബാഴ്‌സയ്ക്ക് സാധിച്ചു. എക്‌സ്ട്രാ ടൈമില്‍ ലൂക്കാ മോഡ്രിച്ചിന് നല്‍കിയ പാസ് ഇന്റര്‍സെപ്റ്റ് ചെയ്തുകൊണ്ട് ജൂള്‍സ് കൂണ്ടെ തൊടുത്ത ഷോട്ടിലൂടെയാണ് വിജയഗോള്‍ ബാഴ്‌സലോണ സ്വന്തമാക്കിയത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍