Ben Stokes: 'കളിച്ചതൊക്കെ മതി, നിര്‍ത്താം'; ജയിക്കില്ലെന്നു ഉറപ്പായപ്പോള്‍ സ്റ്റോക്‌സിന്റെ പൂഴിക്കടകന്‍, വിട്ടുകൊടുക്കാതെ ഇന്ത്യ (വീഡിയോ)

രേണുക വേണു

തിങ്കള്‍, 28 ജൂലൈ 2025 (09:02 IST)
Ben Stokes

Ben Stokes: മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ നാടകീയ രംഗങ്ങള്‍. രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും സെഞ്ചുറിയിലേക്ക് അടുക്കുന്ന സമയത്ത് മത്സരം അവസാനിപ്പിച്ച് സമനിലയില്‍ പിരിയാന്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് ആവശ്യപ്പെട്ടു. 
 
അഞ്ചാം ദിനത്തില്‍ നിശ്ചയിക്കപ്പെട്ട സമയം പൂര്‍ത്തിയാക്കാന്‍ ഒരു മണിക്കൂറില്‍ താഴെ സമയം ഉള്ളപ്പോഴാണ് സ്റ്റോക്‌സിന്റെ ഇടപെടല്‍. ആ സമയത്ത് 15 ഓവര്‍ കൂടി മത്സരം ശേഷിക്കുന്നുണ്ടായിരുന്നു. പരസ്പരം കൈ കൊടുത്ത് പിരിയാമെന്ന് അംപയര്‍മാരോടും ഇന്ത്യക്കായി ക്രീസിലുള്ള രവീന്ദ്ര ജഡേജയോടും വാഷിങ്ടണ്‍ സുന്ദറിനോടും സ്റ്റോക്‌സ് ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറായില്ല. 
 
സെഞ്ചുറിയിലേക്ക് അടുക്കുകയായിരുന്നു സുന്ദറും ജഡേജയും. വിദേശ പര്യടനത്തില്‍ അതും ഇംഗ്ലണ്ടില്‍ ഒരു സെഞ്ചുറി നേടുകയെന്നത് ഏത് താരത്തിനും ഒരു സ്വപ്‌നമാണ്. അതുകൊണ്ട് ബാറ്റിങ് തുടരണമെന്ന തീരുമാനത്തിലായിരുന്നു ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലും. 
 
ഇന്ത്യ മത്സരം അവസാനിപ്പിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അംപയര്‍മാരും കളി തുടരാന്‍ ആവശ്യപ്പെട്ടു. പിന്നീട് പാര്‍ട് ടൈം ബൗളര്‍മാരായ ജോ റൂട്ടിനെയും ഹാരി ബ്രൂക്കിനെയുമാണ് സ്റ്റോക്‌സ് ബൗളിങ്ങിനു ഉപയോഗിച്ചത്. ഹാരി ബ്രൂക്ക് തുടര്‍ച്ചയായി ഫുള്‍ ടോസുകള്‍ എറിഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍മാരെ സെഞ്ചുറിയടിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ഇരുവരും സെഞ്ചുറി തികച്ചു. തൊട്ടുപിന്നാലെ മത്സരം സമനിലയില്‍ പിരിഞ്ഞു. മത്സരശേഷം വളരെ അസ്വസ്ഥനായിരുന്നു ഇംഗ്ലണ്ട് നായകന്‍. ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജയ്ക്കും വാഷിങ്ടണ്‍ സുന്ദറിനും മത്സരശേഷം കൈ കൊടുക്കാനും സ്റ്റോക്‌സ് തയ്യാറായില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍