Ben Stokes Sledging Ravindra Jadeja: 'ബ്രൂക്കിനെയും ഡക്കറ്റിനെയും കളിച്ച് നിനക്ക് സെഞ്ചുറി വേണോ'; പരിഹസിച്ച് സ്റ്റോക്‌സ്, മത്സരശേഷം കൈ കൊടുത്തില്ല (വീഡിയോ)

രേണുക വേണു

തിങ്കള്‍, 28 ജൂലൈ 2025 (09:35 IST)
Ben Stokes and Ravindra Jadeja

Ben Stokes Sledging Ravindra Jadeja: മാഞ്ചസ്റ്റര്‍ ടെസ്റ്റ് അവസാന മണിക്കൂറിലേക്ക് എത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍. ഇന്നിങ്‌സ് ജയം പ്രതീക്ഷിച്ച ഇംഗ്ലണ്ടിനു രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് സമനില കുരുക്ക് ഒരുക്കുകയായിരുന്നു. ഇത് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സിനെ വല്ലാതെ അസ്വസ്ഥനാക്കി. 
 
അഞ്ചാം ദിനം മത്സരം അവസാനിക്കാന്‍ ഏതാനും ഓവറുകള്‍ ശേഷിക്കെ സമനില അനുവദിച്ച് കളി നിര്‍ത്തണമെന്ന് സ്‌റ്റോക്‌സ് അംപയര്‍മാരോടു ആവശ്യപ്പെട്ടത് മുതലാണ് മാഞ്ചസ്റ്റര്‍ സ്റ്റേഡിയത്തിനു ചൂടുപിടിച്ചത്. 
 
ബെന്‍ സ്റ്റോക്‌സ് മത്സരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന സമയത്ത് രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും സെഞ്ചുറിക്ക് തൊട്ടരികില്‍ ആയിരുന്നു. അതിനാല്‍ തന്നെ സ്റ്റോക്‌സിന്റെ ആവശ്യപ്രകാരം മത്സരം അവസാനിപ്പിക്കുന്നതിനോടു ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുകൂല നിലപാടായിരുന്നില്ല. സെഞ്ചുറിക്ക് വേണ്ടിയാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരം അവസാനിപ്പിക്കാന്‍ സമ്മതിക്കാത്തതെന്ന് മനസിലാക്കിയ സ്റ്റോക്‌സ് ജഡേജയെ അതും പറഞ്ഞ് സ്ലെഡ്ജ് ചെയ്തു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
' ജഡു, ഹാരി ബ്രൂക്കിനെതിരെയും ബെന്‍ ഡക്കറ്റിനെതിരെയും റണ്‍സെടുത്ത് ഒരു ടെസ്റ്റ് സെഞ്ചുറി നേടാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?,' സ്‌റ്റോക്‌സ് ചോദിക്കുന്നു. ' നിനക്ക് എന്താണ് വേണ്ടത്? ഒന്ന് പോയി കളിക്കൂ,' എന്ന് ജഡേജ മറുപടി കൊടുത്തു. നിങ്ങള്‍ പരസ്പരം ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയാല്‍ മത്സരം അവസാനിപ്പിക്കാമെന്നാണ് ജഡേജയോടു ക്രൗലി പറയുന്നത്. 

benstokes refused to handshake jadeja and washii

#INDvsENGTest #INDvsEND pic.twitter.com/6RiL9eropB

— sachin gurjar (@SachinGurj91435) July 27, 2025
ഇന്ത്യ മത്സരം അവസാനിപ്പിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അംപയര്‍മാരും കളി തുടരാന്‍ ആവശ്യപ്പെട്ടു. പിന്നീട് പാര്‍ട് ടൈം ബൗളര്‍മാരായ ജോ റൂട്ടിനെയും ഹാരി ബ്രൂക്കിനെയുമാണ് സ്റ്റോക്സ് ബൗളിങ്ങിനു ഉപയോഗിച്ചത്. ഹാരി ബ്രൂക്ക് തുടര്‍ച്ചയായി ഫുള്‍ ടോസുകള്‍ എറിഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍മാരെ സെഞ്ചുറിയടിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ഇരുവരും സെഞ്ചുറി തികച്ചു. തൊട്ടുപിന്നാലെ മത്സരം സമനിലയില്‍ പിരിഞ്ഞു. മത്സരശേഷം വളരെ അസ്വസ്ഥനായിരുന്നു ഇംഗ്ലണ്ട് നായകന്‍. ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജയ്ക്കും വാഷിങ്ടണ്‍ സുന്ദറിനും മത്സരശേഷം കൈ കൊടുക്കാനും സ്റ്റോക്സ് തയ്യാറായില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍