റയലിന് സാധിക്കാത്ത Remontata, ലാലിഗയിൽ ഒന്നാം സ്ഥാനം നിലനിർത്തി ബാഴ്സലോണ

അഭിറാം മനോഹർ

ഞായര്‍, 20 ഏപ്രില്‍ 2025 (10:22 IST)
ലാലിഗയില്‍ സെല്‍റ്റാ വിഗോയുമായുള്ള ആവേശപ്പോരാട്ടത്തില്‍ ബാഴ്‌സലോണയ്ക്ക് 4-3ന്റെ വിജയം. അവസാന നിമിഷം വരെ ആവേശം നീണ്ട മത്സരത്തില്‍ 2 ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് 4-3 എന്ന സ്‌കോറില്‍ ബാഴ്‌സലോണ വിജയിച്ചത്. കളിയുടെ അവസാന നിമിഷങ്ങളില്‍ റാഫീഞ്ഞ നേടിയ 2 ഗോളുകളാണ് ബാഴ്‌സയ്ക്ക് വിജയം സമ്മാനിച്ചത്. കളിയുടെ അവസാന അരമണിക്കൂറിലേക്ക് കടക്കുമ്പോള്‍ ബാഴ്‌സലോണ 3-1ന് പിന്നിലായിരുന്നു.
 
മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെ ബാഴ്‌സലോണ മുന്നിലെത്തിയെങ്കിലും ബോര്‍ഹ ഇഗ്ലേഷ്യന്‍ 15മത്തെ മിനിറ്റില്‍ ഗോള്‍ നേടി സെല്‍റ്റയ്ക്ക് സമനില നേടികൊടുത്തു. 52,62 മിനിറ്റുകളില്‍ ഗോളുകള്‍ കണ്ടെത്തിയ ബോര്‍ഹ ഹാട്രിക്കുമായി സെല്‍റ്റയെ 3-1ന് മുന്നിലെത്തിച്ചതോടെ ബാഴ്‌സ ആരാധകര്‍ നിശബ്ധരായി. ചാമ്പ്യന്‍സ് ലീഗ്, ലാലിഗ മത്സരങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നതിനാല്‍ ആദ്യ ഇലവനില്‍ കളിക്കാനില്ലാതിരുന്ന ലാമിന്‍ യമാലിനെയും ഡാനി ഓള്‍മയേയും ഇതോടെ ബാഴ്‌സയ്ക്ക് കളത്തിലിറക്കേണ്ടി വന്നു. ഈ മാറ്റം ഫലം കാണുകയും ചെയ്തു.
 
 64മത്തെ മിനിറ്റില്‍ ഓള്‍മയിലൂടെ ഒരു ഗോള്‍ മടക്കിയ ബാഴ്‌സ 68മത്തെ മിനിറ്റില്‍ ലാമിന്‍ യമാല്‍ നല്‍കിയ ക്രോസിലൂടെയാണ് ഗോള്‍ കണ്ടെത്തിയത്. ഹെഡറിലൂടെ റാഫീഞ്ഞയാണ് ഗോള്‍ നേടിയത്. അവസാന നിമിഷങ്ങളില്‍ ബോക്‌സിനുള്ളില്‍ നടന്ന ഫൗളില്‍ വാര്‍ ഇടപെട്ടാണ് ബാഴ്‌സലോണയ്ക്ക് പെനാല്‍ട്ടി ലഭിച്ചത്. മത്സരത്തിന്റെ 98മത്തെ മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ഗോളിലെത്തിച്ച് റാഫീഞ്ഞയാണ് ബാഴ്‌സയ്ക്ക് വിജയം നേടികൊടുത്തത്. വിജയത്തോടെ ലാലിഗയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ബാഴ്‌സയ്ക്ക് സാധിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍