ലൂയിസ് എൻറിക്വയ്ക്ക് കീഴിൽ ഒരൊറ്റ മത്സരം പോലും തോൽക്കാതെ ഫ്രഞ്ച് ലീഗ് കിരീടനേട്ടം സ്വന്തമാക്കി പിഎസ്ജി

അഭിറാം മനോഹർ

തിങ്കള്‍, 7 ഏപ്രില്‍ 2025 (16:26 IST)
ഫ്രഞ്ച് ക്ലബായ പിഎസ്ജിക്ക് ഫ്രഞ്ച് ലീഗ് നേടികൊടുത്ത് പരിശീലകന്‍ ലൂയിസ് എന്റിക്വേ. ഫ്രഞ്ച് ലീഗില്‍ ഒരൊറ്റ മത്സരം പോലും തോല്‍ക്കാതെയാണ് പിഎസ്ജി ലീഗ് കിരീടം ഉറപ്പിച്ചത്. സീസണില്‍ 6 മത്സരങ്ങള്‍ ശേഷിക്കെയാണ് തോല്‍വിയറിയാതെ പിഎസ്ജി കിരീടം ഉറപ്പിച്ചത്. ഇന്നലെ ഓഷെയോട് 1-0ന് വിജയിച്ചതോടെ 28 കളികളില്‍ 74 പോയന്റാണ് പിഎസ്ജി നേടിയത്.
 
 28 കളികളില്‍ നിന്നും 50 പോയന്റുകളുമായി മോണക്കോയാണ് ലീഗില്‍ പിഎസ്ജിക്ക് പിന്നിലുള്ളത്. സീസണില്‍ കളിച്ച 28 കളികളില്‍ 23 എണ്ണത്തിലും വിജയിക്കാന്‍ പിഎസ്ജിക്കായിരുന്നു. 5 മത്സരങ്ങള്‍ സമനിലയിലായി. ആകെ 80 ഗോളുകള്‍ അടിച്ചപ്പോള്‍ 26 ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. പിഎസ്ജിയുടെ പതിമൂന്നാം ഫ്രഞ്ച് ലീഗ് കിരീടമാണിത്. തുടര്‍ച്ചയായ നാലാം കിരീടവും. 2017ല്‍ മോണക്കോയും 2021ല്‍ ലീലും മാത്രമാണ് സമീപകാലത്ത് പിഎസ്ജിയെ മറികടന്ന് വിജയികളായത്. അതേസമയം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും ടീം എത്തിയിട്ടുണ്ട്. മെയ് 24ന് റാന്‍സിനെതിരെ ഫ്രഞ്ച് കപ്പ് ഫൈനലും പിഎസ്ജി കളിക്കും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍