സെമിഫൈനല്‍ പോരാട്ടത്തില്‍ എഫ് സി ഗോവയ്‌ക്കെതിരായ രണ്ടാം പാദമത്സരത്തില്‍ തോറ്റെങ്കിലും ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കി എഫ് സി ബെംഗളുരു. ഇന്നലെ നടന്ന സെമിഫൈനല്‍ രണ്ടാം പാദ പോരാട്ടത്തില്‍ എഫ് സി ഗോവ 2-1ന് വിജയിച്ചെങ്കിലും 3-2ന്റെ അഗ്രഗേറ്റ് സ്‌കോറില്‍ ബെംഗളുരു ഫൈനല്‍ യോഗ്യത നേടുകയായിരുന്നു. ആദ്യപാദത്തില്‍ ഗോവയെ 2-0ന് ബെംഗളുരു തോല്‍പ്പിച്ചിരുന്നു.
മത്സരത്തില്‍ 2 ഗോള്‍ ലീഡ് നേടിയ ഗോവ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കൊണ്ടുപോകാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബെംഗളുരു എഫ് സിയുടെ ഇന്ത്യന്‍ താരമായ സുനില്‍ ഛേത്രിയാണ് ബെംഗളുരുവിന്റെ രക്ഷകനായത്. 93മത്തെ മിനുറ്റില്‍ ഹെഡറിലൂടെയാണ് താരം ഗോള്‍ കണ്ടെത്തിയത്. ഇതോടെ 3-2ന്റെ അഗ്രഗേറ്റ് സ്‌കോറില്‍ ഫൈനല്‍ യോഗ്യത നേടാന്‍ ബെംഗളുരു എഫ്‌സിയ്ക്കായി. മോഹന്‍ബഗാന്‍- ജംഷഡ്പൂര്‍ മത്സരത്തിലെ വിജയികളെയാകും ബെംഗളുരു എഫ് സി ഫൈനലില്‍ നേരിടുക. ആദ്യ പാദ സെമിയില്‍ ജംഷഡ്പൂരാണ് വിജയിച്ചത്.