സൂപ്പര്‍ കപ്പില്‍ 26ന് എടികെ മോഹന്‍ ബഗാനെതിരെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ടീമിന്റെ പുതിയ പരിശീലകന്‍ ഡേവിഡ് കറ്റാല. സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് മുകളിലുള്ള പ്രതീക്ഷകള്‍ ആരാധകര്‍ക്ക് ഏറെയാണെന്നും എന്നാല്‍ സമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയാത്ത താരങ്ങള്‍ക്ക് ബ്ലാസ്റ്റേഴ്‌സില്‍ തുടരാനാകില്ലെന്നും കറ്റാല വ്യക്തമാക്കി.
ഈസ്റ്റ് ബംഗാളിനെ 2-0ന് തകര്‍ത്താണ് ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പ് ക്വാര്‍ട്ടറില്‍ യോഗ്യത നേടിയത്. ചുമതലയേറ്റെടുത്ത ശേഷം വിജയിച്ച് തുടങ്ങിയെങ്കിലും ടീമിനെ പറ്റിയുള്ള പ്രതീക്ഷകള്‍ ഉയര്‍ന്നതാണെന്ന് അറിയാമെന്ന് കറ്റാല പറയുന്നു. എനിക്ക് സമ്മര്‍ദ്ദം ഇഷ്ടമാണ്. ഈ ടീമിന് മുകളിലുള്ള പ്രതീക്ഷകള്‍ ഏറെയാണ്. അതിനെ നിങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. അത് എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാത്ത ആളുകള്‍ക്കും കളിക്കാര്‍ക്കും ബ്ലാസ്റ്റേഴ്‌സില്‍ തുടനാനായെന്ന് വരില്ല. ഡേവിഡ് കറ്റാല പറഞ്ഞു.